ന്യൂഡല്‍ഹി: ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടും പ്രായമായെന്ന കാരണം പറഞ്ഞ് തന്നെ ഇന്ത്യന്‍ ടി20 ടീമിലേക്ക് പരിഗണിക്കുന്നില്ലെന്ന് ഹർഭജന്‍ സിംഗ്. 2016-ലാണ് ഹർഭജന്‍ ഇന്ത്യക്ക് വേണ്ടി അവസാനമായി കളിച്ചത്. ഐപിഎല്‍ പ്രഥമ സീസണ്‍ മുതല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഭാഗമായിരുന്ന ഭാജി രണ്ട് സീസണ്‍ മുമ്പാണ് ചെന്നൈ സൂപ്പർ കിങ്‌സിന്‍റെ ഭാഗമാകുന്നത്. സമകാലികർ കളി മതിയാക്കുമ്പോഴും 38 വയസുള്ള ഭാജി ഇപ്പോഴും സജീവമാണ്.
ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്‌ചവക്കുന്ന തനിക്ക് അന്താരാഷ്‌ട്ര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്‌ചവക്കാന്‍ സാധിക്കുമെന്നാണ് ഭാജി പറയുന്നത്. ബൗളര്‍മാരെ സംബന്ധിച്ച് ഐപിഎല്‍ കടുപ്പമേറിയ ചാമ്പ്യന്‍ഷിപ്പാണ്. ലോകോത്തര താരങ്ങൾ മാറ്റുരക്കുന്ന ഐപിഎല്‍ താരതമ്യേന ചെറിയ ഗ്രൗണ്ടിലാണ് നടക്കുന്നത്. വമ്പന്‍ ബാറ്റ്സ്‌മാന്‍മാർക്ക് നേരെ പന്തെറിയുക വെല്ലുവിളി നിറഞ്ഞതും. എന്നാല്‍ പവര്‍പ്ലേയിലും മധ്യ ഓവറുകളിലെല്ലാം നന്നായി ബൗള്‍ ചെയ്യുന്ന തനിക്ക് വിക്കറ്റുകളും ലഭിക്കുന്നു. ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് വാര്‍ണര്‍ എന്നിവരെ പുറത്താക്കാന്‍ ഐപിഎല്ലില്‍ തനിക്കായിട്ടുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റിലും തനിക്ക് ഇതിന് സാധിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നില്ലെ. എന്നാല്‍ ഇതൊന്നും തന്‍റെ കൈകളിലല്ല. തന്നെ ഇന്ത്യന്‍ ടീമില്‍ എടുക്കുന്നതിനെ കുറിച്ച് ആരും സംസാരിക്കുന്നില്ല. നിലവിലെ ഇന്ത്യന്‍ ടീമനെ നോക്കിയാല്‍ പോലും ഇതിനെ കുറിച്ച് ആരും സംസാരിക്കാറില്ലെന്നും ഭാജി പറയുന്നു.
നിലവില്‍ ഹർഭജന്‍ സിംഗ് വർഷങ്ങളായി ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റ് കളിച്ചിട്ടില്ല. രാജ്യത്തനായി 103 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 417 വിക്കറ്റുകളും 236 ഏകദിനങ്ങളില്‍ നിന്നായി 269 വിക്കറ്റുകളും 28 ടി20കളില്‍ നിന്നായി 25 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്‌പിന്നർമാരില്‍ ഒരാളാണ് ഹർഭജന്‍ സിംഗ്.