ലണ്ടൻ: ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമിഫൈനലില്‍ എം എസ് ധോണിയെ ഏഴാമനായി ഇറക്കിയതിനെതിരെ നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ ടീം പരിശീലകനും നായകനുമെല്ലാം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വിമർശനങ്ങൾക്കുള്ള മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പരിശീലകൻ രവി ശാസ്ത്രി.
ധോണിയെ ഏഴാമനായി ബാറ്റ് ചെയ്യാൻ ഇറക്കിയത് ടീമിന്‍റെ കൂട്ടായ തീരുമാനമായിരുന്നുവെന്ന് രവി ശാസ്ത്രി പറഞ്ഞു. ധോണിയെ പോലെ എക്കാലത്തെയും മികച്ച ഫിനിഷറുടെ അനുഭവസമ്പത്ത് കളിയുടെ അവസാനം വരെ ടീമിന് ആവശ്യമായിരുന്നു. ധോണി നേരത്തെ ഇറങ്ങി പുറത്തായാല്‍ അത് ടീമിനെ സാരമായി ബാധിക്കും. ഏഴാമനായി ബാറ്റിങ്ങിനിറങ്ങിയ ധോണി 72 പന്തില്‍ നിന്ന് 50 റൺസ് നേടി റണ്ണൗട്ടാവുകയായിരുന്നു. ജഡേജയുമൊത്ത് 116 റൺസിന്‍റെ കൂട്ടുകെട്ട് ഉയർത്തിയ ധോണി ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും ഇരുവരും പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷ നഷ്ടമാവുകയായിരുന്നു. 18 റൺസിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ധോണിയെ ഏഴാമനായി ബാറ്റിങിന് ഇറക്കിയതിനെ വിമർശിച്ച് സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ ഉൾപ്പെടെയുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു.