ന്യൂഡല്‍ഹി: ഐപിഎല്ലില്‍ കളിക്കുമ്പോൾ വംശീയാധിക്ഷേപം നേരിടേണ്ടിവന്നതായി മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഡാരന്‍ സമി. തന്നെയും ശ്രീലങ്കന്‍ താരം തിസാര പെരേരയെയും ഹിന്ദിയിലെ കാലു എന്ന പേരിലാണ് വിളിച്ചതെന്ന് സമി. ഹിന്ദിയില്‍ കാലു എന്ന വാക്കിന്‍റെ അർത്ഥം കറുത്തവനെന്നാണ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സമി വംശീയാധിക്ഷേപത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
ആദ്യമൊന്നും കാലു എന്ന വാക്കിന്‍റെ അർത്ഥം അറിയില്ലായിരുന്നു. കരുത്തന്‍ എന്നാണ് കാലു എന്ന വാക്കിന്‍റെ അർത്ഥമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീടാണ് ആ വാക്കിന്‍റെ ശരിക്കുള്ള അർത്ഥം മനസിലായത്. ഇതില്‍ തനിക്ക് അമർഷമുണ്ടെന്നും സമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയാണ് സമി കളിച്ചിരുന്നത്.
അമേരിക്കയില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോർജ് ഫ്ലോയിഡിനെ പൊലീസുകാരന്‍ കാല്‍മുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ആഗോള തലത്തില്‍ വർണവെറിക്കെതിരെ പ്രതിഷേധം അലയടിക്കുകയാണ്. കായിക രംഗത്ത് നിരവധിപേർ വർണവെറിക്ക് ഇരയായ ആനുഭവങ്ങൾ തുറന്ന് പറഞ്ഞു.
ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ പ്രതികരക്കണമെന്ന് ആവശ്യപെട്ട് നേരത്തെ സമി ട്വീറ്റ് ചെയ്‌തിരുന്നു. ഐസിസിയെ ഉൾപ്പെടെ ടാഗ് ചെയ്‌തുകൊണ്ടായിരുന്നു സമിയുടെ ട്വീറ്റ്.