സിഡ്‌നി: ദേശീയ ടീമില്‍ അവസരം ലഭിച്ചതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും പിന്‍മാറി വില്‍ പുകോവ്‌സ്‌കി. ദേശീയ ടീമിലേക്ക് അവസരം ലഭിച്ചതിന് പിന്നാലെ സാമൂഹ്യമാധ്യമത്തിലൂടെ ഉയര്‍ന്നുവന്ന വര്‍ദ്ധിച്ച പ്രതീക്ഷയും പ്രശസ്‌തിയും ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായുള്ള ടെസ്റ്റ് ടീമിലേക്കാണ് പുകോവ്‌സ്‌കിക്ക് അവസരം ലഭിച്ചിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ഷെഫീല്‍ഡ് ഷീല്‍ഡിന് വേണ്ടി പുറത്തെടുത്ത പ്രകടനമാണ് പുകോവ്‌സ്‌കിക്ക് തുണയായത്.
തന്നെ കുറിച്ച് ഉയര്‍ന്നു വന്ന അമിത പ്രതീക്ഷ മാധ്യമവാര്‍ത്തകളെ തുടര്‍ന്നാണെന്ന് വിശ്വസിക്കുന്നതായി പുകോവ്‌സ്‌കി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്‍റിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയാണ് വേണ്ടത്. കൂടാതെ മത്സരത്തിലെ പ്രകടനവും നിര്‍ണായകമാകുമെന്നും പുകോവ്‌സ്‌കി കൂട്ടിച്ചേര്‍ത്തു.
കാമറൂണ്‍ ഗ്രീനും പുകോവ്‌സ്‌കിയും ഉള്‍പ്പെടെ അഞ്ച് പുതുമുഖ താരങ്ങളാണ് ഓസ്‌ട്രേലിയയുടെ ടെസ്റ്റ് പരമ്പരക്കുള്ള 17 അംഗ ടീമില്‍ ഇടം നേടിയത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടി നാല് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുക. ആദ്യ മത്സരം അഡ്‌ലെയ്‌ഡില്‍ അടുത്ത മാസം 17ന് ഡേ-നൈറ്റ് ടെസ്റ്റോടെ ആരംഭിക്കും. ഓസിസ് പര്യടനത്തിന്‍റെ ഭാഗമായി ഏകദിന, ടി20 പരമ്പരകളും ടീം ഇന്ത്യ കളിക്കുന്നുണ്ട്.