ഐപിഎല്‍ മത്സരത്തിനിടെ പരിക്കേറ്റ ഓൾറൗണ്ടർ കേദാർ ജാദവിന് പകരക്കാരനായി യുവ വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് ലോകകപ്പ് ടീമില്‍ ഇടംനേടിയേക്കും. ഇന്നലെ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ജാദവിന് പരിക്കേറ്റത്.
ഇന്നലെ ബ്രാവോയുടെ പന്തില്‍ നിക്കോളാസ് പൂരൻ രണ്ട് റൺസെടുക്കുന്നത് തടയുന്നതിന് വേണ്ടി ജഡേജ നല്‍കിയ ത്രോ പിടിക്കാൻ ബ്രാവോയ്ക്ക് കഴിഞ്ഞില്ല. ഈ പന്ത് തടയാനുള്ള ജാദവിന്‍റെ ശ്രമമാണ് പരിക്കില്‍ കലാശിച്ചത്. നടുവിന് പരിക്കേറ്റ താരത്തിന് ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനാകില്ല. വിദഗ്ധ ചികിത്സയ്ക്ക് ശേഷം മാത്രമേ താരം ലോകകപ്പ് കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരു. ജാദവിന്‍റെ പരിക്ക് ഗുരുതരമാണെങ്കില്‍ ടീം സെലക്ഷൻ കമ്മിറ്റി സ്റ്റാൻഡ് ബൈ താരമായി തെരഞ്ഞെടുത്ത റിഷഭ് പന്താകും ലോകകപ്പ് ടീമില്‍ ഇടംനേടുക. .
ഈ മാസം 22ന് ഇന്ത്യ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പറക്കും. റിഷഭ് പന്തിന് പകരം ദിനേഷ് കാർത്തിക്കിനെയാണ് സെലക്ഷൻ കമ്മിറ്റി ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമില്‍ ഉൾപ്പെടുത്തിയത്. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.