ന്യൂഡൽഹി: ഡിസംബര്‍ 24. ഇന്ത്യൻ ക്രിക്കറ്റിനും നായകന്‍ വിരാട് കോലിക്കും ഒരുപോലെ സന്തോഷം നല്‍കുന്ന ദിവസം. 2009ല്‍ ഇതേ ദിവസമാണ് 50 ഓവര്‍ ഫോര്‍മാറ്റില്‍ കോലി തന്‍റെ ആദ്യ സെഞ്ച്വറി നേടുന്നത്.
ഈഡൻ ഗാർഡനിൽ ശ്രീലങ്കയ്‌ക്കെതിരെ കോലി പത്ത് വർഷം മുൻപ് ഇതേ ദിവസം നേടിയത് 107 റണ്‍സാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 315 ന് ഓള്‍ ഔട്ടായിരുന്നു. 316 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ആദ്യം തകര്‍ന്ന അവസ്ഥയിലായിരുന്നു. ഓപ്പണര്‍മാരായ വീരേന്ദര്‍ സേവാഗും സച്ചിന്‍ ടെന്‍ഡുല്‍ക്കറും ആദ്യം തന്നെ നിരാശപ്പെടുത്തുകയായിരുന്നു. ഇരുവരും കൂടി ആകെ നേടിയെടുത്തത് 23 റണ്‍സ് മാത്രം.
പിന്നീട് വന്ന കോലിയും ഗംഭീറും ചേർന്ന് 224 റണ്‍സ് നേടിയാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയത്. 107 റണ്‍സില്‍ തന്‍റെ ആദ്യ സെഞ്ച്വറി തിളക്കവുമായി കോലി കൂടാരം കയറിയപ്പോള്‍ പങ്കാളി ഗംഭീര്‍ 150 റണ്‍സ് അടിച്ചെടുത്താണ് ശ്രീലങ്കയോട് പകരം വീട്ടിയത്.
ഏകദിനത്തില്‍ കോലിക്ക് ഇതുവരെ 43 സെഞ്ച്വറികളാണുള്ളത്. ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍വേട്ടക്കാരന്‍ എന്ന പേരും കോലിയുടെ പേരിലാണ്. ടെസ്റ്റില്‍ 27 സെഞ്ച്വറികളാണ് താരത്തിന്‍റെ പേരിലുള്ളത്. ഈ വര്‍ഷം മാത്രം ഏകദിനത്തില്‍ 1,377 റണ്‍സാണ് കോലിയുടെ സമ്പാദ്യം. തുടർച്ചയായ നാലാം വർഷമാണ് കോലി കലണ്ടർ വർഷത്തില്‍ ഏറ്റവുമധികം റൺസ് നേടുന്ന താരമായത്. രോഹിത് ശര്‍മയാണ് തൊട്ട് പിന്നില്‍.