ഹാമിൾട്ടൺ: ഇന്ത്യക്കെതിരെയുള്ള ആദ്യ രണ്ട് ഏകദിനങ്ങളില്‍ ന്യൂസിലൻഡ് നായകൻ കെയ്ൻ വില്ല്യംസൺ കളിക്കില്ല. ഇന്ത്യക്കെതിരായ മൂന്നാം ടി-20ല്‍ തോളിന് പരിക്കേറ്റ വില്ല്യംസണിന്റെ പരിക്ക് ഭേദമായിട്ടില്ല. മാർക്ക് ചാപ്മാനാവും വില്ല്യംസണ് പകരം കളിക്കുക.
വില്ല്യംസണിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാതം കിവീസിനെ നയിക്കും. വില്ല്യംസണെ എകസ്-റേ അടക്കമുള്ള വിവിധ പരിശോധനകൾക്ക് വിധേയനാക്കിയെന്നും പരിക്ക് ഗുരുതരമല്ലെന്നും, എന്നാല്‍ വിശ്രമം നല്‍കുന്നത് കൂടുതല്‍ ആരോഗ്യത്തോടെ തിരിച്ചെത്താൻ താരത്തെ സഹായിക്കുമെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.
കിവീസിനെതിരായ ടി-20 പരമ്പരയില്‍ ഇന്ത്യ സമ്പൂർണ വിജയം നേടിയിരുന്നു. വില്ല്യംസണിന്റെ അഭാവത്തില്‍ ടിം സൗത്തിയാണ് ന്യൂസിലൻഡിനെ നയിച്ചത്. ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്ക് ശേഷം ഫെബ്രുവരി 21ന് ടെസ്റ്റ് മത്സരങ്ങളും ആരംഭിക്കും.