അന്താരാഷ്ട്ര ക്രിക്കറ്റില്‍ മഹേന്ദ്ര സിങ് ധോണി പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. 2004 ഡിസംബര്‍ 23നായിരുന്നു ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ബംഗ്ലാദേശിനെതിരെ ആദ്യ മത്സരം. ആദ്യ പന്തില്‍ തന്നെ റണ്ണൗട്ട്. തീര്‍ത്തും നിരാശ മാത്രം സമ്മാനിക്കുന്ന നിമിഷം. ആരായാലും തളര്‍ന്നു പോകും. എന്നാല്‍ ആത്മവിശ്വാസത്തിന്‍റേയും ദൃഢ നിശ്ചയത്തിന്‍റേയും ആകെ തുകയാണ് ധോണി. പിന്നീടിങ്ങോട്ട് ക്രിക്കറ്റ് ലോകത്ത് തന്‍റേതായ ഇടം കണ്ടെത്തുകയും ചരിത്രങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് കാലം സാക്ഷിയായത്.
മുംബൈ വാങ്കട സ്റ്റേഡിയത്തില്‍ 28 വര്‍ഷത്തിന് ശേഷം ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയത് ധോണിയുടെ നേതൃത്വത്തിലാണ്. ക്യാപ്റ്റന്‍ കൂള്‍ എന്ന് വെറുതെയല്ല ധോണിയെ വിളിക്കുന്നത്. എത്ര സമ്മര്‍ദ ഘട്ടത്തിലും അദ്ദേഹം മത്സരം നിയന്ത്രിക്കുന്നത് അങ്ങനെയാണ്. എപ്പോഴും ശാന്തമായ പ്രകൃതം. സ്വന്തം കരിയര്‍ മാത്രമല്ല ഇന്ത്യന്‍ ടീമിനെ ഒന്നടങ്കം ലോകക്രിക്കറ്റിന്‍റെ നെറുകയിലെത്തിക്കുന്നതാണ് പിന്നീട് കണ്ടത്.
പ്രഥമ ട്വന്‍റി 20 കിരീടം, 2011 ഏകദിന ലോകകപ്പ് കിരീടം, ഐസിസി ചാമ്പ്യന്‍സ് ട്രോഫി എന്നിവ സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റനായി ധോണി മാറി. 2019 ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ സെമി ഫൈനലിൽ നിന്ന് പുറത്തായതിന് ശേഷം ധോണി ടീമിനായി കളത്തിലിറങ്ങിയിട്ടില്ല. വെറും 18 റണ്‍സിന് ന്യൂസിലന്‍ഡിനോട് ഇന്ത്യ പരാജയപ്പെടേണ്ടി വന്ന മത്സരം.
90 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ധോണി 38.09 റണ്‍സ് ശരാശരിയില്‍ 4876 റണ്‍സ് നേടിയിട്ടുണ്ട്. 35 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം 50.57 ശരാശരിയില്‍ 103773 റണ്‍സും 98 ട്വന്‍റി 20 മത്സരങ്ങളില്‍ നിന്നും 37.60 ശരാശരിയില്‍ 1617 റണ്‍സും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൊത്തം 17,266 റണ്‍സാണ് ധോണിയുടെ സമ്പാദ്യം.
ധോണി വിരമിക്കുമെന്ന് പല വാര്‍ത്തകളും ഇതിനകം പുറത്തു വന്നു. എന്നാല്‍ അടുത്ത ടി 20 ലോകകപ്പില്‍ താരം ഇന്ത്യക്കൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ. ആരാധകര്‍ കാത്തിരിക്കുകയാണ് പരാജങ്ങളില്‍ നിന്നും വിജയമൊരുക്കുന്ന ആ മജീഷ്യനെ. അസാധ്യങ്ങള്‍ സാധ്യമാക്കുന്ന ആ മാന്ത്രികനെ...