ന്യൂസിലന്‍ഡ്: ടീം ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലെ ട്വന്‍റി-20 പരമ്പരക്കുള്ള 14 അംഗ ന്യൂസിലന്‍ഡ് സംഘത്തെ പ്രഖ്യാപിച്ചു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ കിവീസ് സംഘത്തെ പരിക്കില്‍ നിന്നും മുക്തനായ കെയിന്‍ വില്യംസണ്‍ നയിക്കും. ഓസ്‌ട്രേലിയക്ക് എതിരായ ടെസ്‌റ്റ് പരമ്പരയില്‍ പരിക്കേറ്റതിനെ തുടർന്ന് വില്യംസണിന് മൂന്നാമത്തെ മത്സരം നഷ്‌ടമായിരുന്നു. നേരത്തെ പരിക്ക് കാരണം താരത്തിന് ഇംഗ്ലണ്ടിന് എതിരായ ട്വന്‍റി-20 പരമ്പരയിലും കളിക്കാനായിരുന്നില്ല.
ഹാമിഷ് ബെന്നറ്റാണ് ടീമില്‍ ഇടം നേടിയ മറ്റൊരു സർപ്രൈസ് താരം. 2017-ലാണ് ബെന്നറ്റ് കിവീസിനായി അന്താരാഷ്‌ട്ര മത്സരം കളിച്ചത്. ബെന്നറ്റ് ഇതിനകം 16 ഏകദിനങ്ങളും ഒരു ടെസ്‌റ്റ് മത്സരവും കളിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് താരത്തിന് ഗുണം ചെയ്‌തത്.
കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി ബെന്നറ്റ് ആഭ്യന്തര ക്രിക്കറ്റില്‍ വൈറ്റ് ബോളില്‍ മികച്ച രീതിയില്‍ കളിക്കുന്നുണ്ടെന്ന് ന്യൂസിലന്‍ഡ് സെലക്‌ടർ ഗാവിൻ ലാർസൻ വ്യക്തമാക്കി. ബെന്നറ്റ് മികച്ച രീതിയില്‍ പന്തെറിയുന്നുണ്ടെന്നും ട്വന്‍റി-20 പരമ്പരയില്‍ താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ട്വന്‍റി-20 പരമ്പരയിലെ ആദ്യ മത്സരത്തിന് ജനുവരി 24-ന് തുടക്കമാകും. ട്വന്‍റി-20 മത്സരങ്ങൾ കൂടാതെ മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്‌റ്റ് മത്സരങ്ങളും പരമ്പരയുടെ ഭാഗമായി ടീം ഇന്ത്യ കളിക്കും.