വിനോദ മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ ഒരുങ്ങുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ധോണിയുടെ ഉടമസ്ഥതയിലുള്ള ധോണി എന്‍റര്‍ടെയ്ന്‍മെന്‍റ്സ് വെബ് സിരീസ് നിർമിക്കാന്‍ ഒരുങ്ങുന്ന വിവരം കമ്പനി മാനേജിങ് ഡയറക്ടറായ സാക്ഷി ധോണിയാണ് വെളിപ്പെടുത്തിയത്. നവാഗതനായ ഒരു എഴുത്തുകാരന്‍റെ പ്രകാശനം ചെയ്യാത്ത രചനയെ അടിസ്ഥാനമാക്കിയാണ് സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പ്പെടുന്ന സിരീസ് നിർമിക്കുന്നത്. 2019ലാണ് ധോണി എന്‍റര്‍ടെയ്ന്‍മെന്‍റ്സ് എന്ന നിര്‍മാണ കമ്പനി പിറവിയെടുക്കുന്നത്.
ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ വിലക്ക് കഴിഞ്ഞുള്ള ഐപിഎൽ തിരിച്ച് വരവിനെക്കുറിച്ച് പറയുന്ന 'റോർ ഒഫ് ദി ലയൺ' എന്ന ഡോക്യുമെന്‍ററിയാണ് ആദ്യം ധോണി എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിര്‍മിച്ചത്. ഒരു അഘോരിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് വെബ്‌സീരിസെന്ന് ധോണിയുടെ ഭാര്യ സാക്ഷി വെളിപ്പെടുത്തി. ഹൈടെക് സംവിധാനങ്ങളുടെ സഹായത്തോടെ അഘോരി പൗരാണിക മിത്തുകളെ പൊളിച്ചെഴുതുന്നതാണ് കഥാസംഗ്രഹം. ഉടൻ തന്നെ വെബ് സീരിസിന്‍റെ ചിത്രീകരണം തുടങ്ങുമെന്നും സാക്ഷി അറിയിച്ചു.