മുംബൈ: അന്താരാഷ്‌ട്ര ക്രിക്കറ്റിലെ പുത്തന്‍ താരോദയം മാര്‍നസ് ലബുഷെയ്‌ന്‍ ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി മാറുമെന്ന് ഓസീസ് ബാറ്റ്‌സ്‌ന്‍മാന്‍ സ്റ്റീവ് സ്‌മിത്ത്. മികച്ച താരമായി മാറാനുള്ള കഴിവുള്ള കളിക്കാരനാണ് ലബുഷെയ്‌ന്‍, ഓസ്‌ട്രേലിയന്‍ ടീമില്‍ ദീര്‍ഘമായ കരിയര്‍ പടുത്തുയര്‍ത്താന്‍ അദ്ദേഹത്തിന് കഴിയുമെന്നും സ്‌മിത്ത് അഭിപ്രായപ്പെട്ടു.
"എല്ലാ കാര്യങ്ങളും പെട്ടെന്ന് പഠിച്ചെടുക്കാനുള്ള മികവ് ലബുഷെയ്‌നുണ്ട്. ഈ മികവ് തുടരുകയാണെങ്കില്‍ ഓസ്‌ട്രേലിയയുടെ എക്കാലെത്തെയും മികച്ച താരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ മാര്‍നസ് ലബുഷെയ്‌ന് കഴിയും" - മുന്‍ ഓസീസ് ക്യാപ്‌റ്റന്‍ വ്യക്‌തമാക്കി.
2019ന്‍റെ തുടക്കത്തിലെ ടെസ്‌റ്റ് റാങ്കിങ്ങില്‍ 110 -ാം സ്ഥാനത്തുണ്ടായിരുന്ന താരമാണ് മാര്‍നസ് ലബുഷെയ്‌ന്‍. എന്നാല്‍ 2020ന്‍റെ തുടക്കത്തില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തുകയായിരുന്നു മാർനസ് ലബുഷെയ്ൻ. സാക്ഷാല്‍ കോലിക്കും, സ്‌മിത്തിനും മാത്രം പിന്നിലാണ് ലബുഷെയ്‌ന്‍. ജനുവരി എട്ടിന് ന്യൂസിലാന്‍റിനെതിരായ ടെസ്‌റ്റില്‍ ഇരട്ട സെഞ്ചുറി നേടിയതോടെയാണ് മാര്‍നസ് ലബുഷെയ്‌ന്‍ അന്താരാഷ്‌ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറി നേടിയ താരം മാന്‍ ഓഫ് ദി മാച്ച് പട്ടവും, പരമ്പരയിലെ മികച്ച താരമെന്ന നേട്ടവും സ്വന്തമാക്കി.
സാഹചര്യത്തിന് അനുസരിച്ച് കളിക്കാന്‍ മികവുള്ള താരമെന്നാണ് സ്‌മിത്ത് മാര്‍നസ് ലബുഷെയ്‌നെ വിശേഷിപ്പിച്ചത്. യുവതാരമെന്ന നിലയില്‍ ഇത് വലിയ കാര്യമാണ്. ഈ മികവ് കരിയറില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിനെ സഹായിക്കുമെന്നും സ്‌മിത്ത് അഭിപ്രായപ്പെട്ടു. വാംഖഡെയില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കായി ഏകദിനത്തിലും അരങ്ങേറ്റം നടത്തുകയാണ് മാര്‍നസ് ലബുഷെയ്‌ന്‍.