ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഒരു യുവതാരം ഇന്ത്യൻ ടീമില്‍ ഇന്നലെ ഇടംനേടി, 21കാരനായ ലെഗ്സ്പിന്നർ മായങ്ക് മാർക്കണ്ഡെ.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യൻസിന്‍റെ കണ്ടെത്തലായിരുന്നു മായങ്ക് മാർക്കണ്ഡെ. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ അടുത്ത സീസൺ ആരംഭിക്കാനിരിക്കെ ഇതാദ്യമായി മാർക്കണ്ഡെ ദേശീയ ടീമിലും എത്തിയിരിക്കുകയാണ്. ചാഹലും ക്രുണാലും ടീമിലുള്ളപ്പോൾ മായങ്കിനെ എന്തിന് ഉൾപ്പെടുത്തി എന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്ലാ വിമർശനങ്ങൾക്കും വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് മുഖ്യ സെലക്ടറായ എം.എസ്.കെ.പ്രസാദ്.
മാർക്കണ്ഡയെ ബാക്കപ്പ് സ്പിന്നറായിയാണ് ടീമില്‍ ഉൾപ്പെടുത്തിയത് എന്ന് പ്രസാദ് വ്യക്തമാക്കി. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ച മാർക്കണ്ഡെ ഇന്ത്യ എ ടീമിലും മികച്ച പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ട് ലയൺസിനെതിരെ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം സമ്മാനിച്ചത് താരത്തിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ പഞ്ചാബിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകൾ വീഴ്ത്തിയതും മാർക്കണ്ഡെയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം എന്നാണ് ദേശീയ സീനിയർ ടീമിലെത്തിയതിനെ കുറിച്ച് മായങ്ക് മാർക്കണ്ഡെയുടെ പ്രതികരണം.