സിഡ്‌നി: ഓസ്‌ട്രേലിയക്ക് എതിരെ പരമ്പര നഷ്‌ടമായെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്ക് ചരിത്ര നേട്ടം. 250 ഏകദിന മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡാണ് കോലി സ്വന്തം പേരില്‍ കുറിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി, മുഹമ്മദ് അസറുദ്ദീന്‍, സൗരവ് ഗാംഗുലി തുടങ്ങിയ താരങ്ങളാണ് ഈ നേട്ടം ഇതിന് മുമ്പ് സ്വന്തമാക്കിയത്.
ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡ് ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ്. 464 ഏകദിനങ്ങളാണ് സച്ചിന്‍ കളിച്ചത്. മറ്റൊരു റെക്കോഡ് കൂടി കോലി സിഡ്‌നിയില്‍ സ്വന്തം പേരില്‍ കുറിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ വേഗത്തില്‍ 22,000 റണ്‍സ് തികക്കുന്ന താരമെന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയത്. 22,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കോലി.
സിഡ്‌നിയില്‍ 87 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 89 റണ്‍സെടുത്താണ് കോലി പുറത്തായത്. എന്നാല്‍ ഇതിനിടെ അന്താരാഷ്‌ട്ര കരിയറില്‍ 22,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ താരത്തിനായി. 418 മത്സരങ്ങളില്‍ നിന്നാണ് കോലിയുടെ നേട്ടം. സിഡ്‌നിയില്‍ ഞായറാഴ്‌ച ഓസ്‌ട്രേലിയ ഉയര്‍ത്തിയ 390 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 338 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കൊവിഡ് 19ന് ശേഷം കളിച്ച ആദ്യ പരമ്പരതന്നെ ഇതോടെ ടീം ഇന്ത്യക്ക് നഷ്‌ടമായി. സിഡ്‌നിയില്‍ 51 റണ്‍സിന്‍റെ പരാജയമാണ് കോലിയും കൂട്ടരും ഏറ്റുവാങ്ങിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ലോകേഷ് രാഹുല്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.