വെല്ലിങ്‌ടണ്‍: ന്യൂസിലാന്‍ഡിന് എതിരായ നാലാം ടി20യില്‍ ടീം ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ആദ്യം ബാറ്റ് ചെയ്‌ത കോലിയും കൂട്ടരും നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 165 റണ്‍സെടുത്തു. മധ്യനിരയില്‍ 50 റണ്‍സെടുത്ത് അർധ സെഞ്ച്വറിയോടെ പുറത്താകാതെ നിന്ന മനീഷ് പാണ്ഡെയുടെ പിന്‍ബലത്തിലാണ് ടീം ഇന്ത്യ ഭേദപ്പെട്ട സ്‌കോർ കണ്ടെത്തിയത്. പാണ്ഡെയെ കൂടാതെ 39 റണ്‍സെടുത്ത ഓപ്പണർ ലോകേഷ് രാഹുല്‍ മാത്രമാണ് കിവീസ് ബൗളിങ്ങിന് മുന്നില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്.
ഏറെ കാലത്തിന് ശേഷം അന്തിമ ഇലവനില്‍ അവസരം ലഭിച്ച സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. രോഹിത് ശർമക്ക് പകരം ഓപ്പണറായി ഇറങ്ങാന്‍ അവസരം ലഭിച്ചെങ്കിലും അഞ്ച് പന്തില്‍ എട്ട് റണ്‍സെടുത്ത് സഞ്ജു പുറത്തായി. മൂന്നാമനായി ഇറങ്ങിയ നായകന്‍ വിരാട് കോലിക്കും കിവീസ് ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒമ്പത് പന്തില്‍ രണ്ട് ഫോറടക്കം 11 റണ്‍സെടുത്ത് കോലി കൂടാരം കയറി. ശ്രേയസ് അയ്യർ ഒരു റണ്‍സെടുത്തും ശിവം ദുബെ 12 റണ്‍സെടുത്തും വാഷിങ്ടണ്‍ സുന്ദർ റണ്ണൊന്നും എടുക്കാതെയും ശർദുല്‍ ഠാക്കൂർ 20 റണ്‍സെടുത്തും പുറത്തായി. മനീഷ് പാണ്ഡെയും ശർദുല്‍ ഠാക്കൂറും ചേർന്ന് എഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 43 റണ്‍സ് കൂട്ടിചേർത്തു. ഈ കൂട്ടുകെട്ടാണ് ടീം ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.
കിവീസിനായി ഇഷ് സോഥി മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോൾ ഹാമിഷ് ബെന്നറ്റ് രണ്ട് വിക്കറ്റും സാന്‍റ്നറും കുഗ്ലെയ്‌നും ടിം സോത്തിയും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. ടോസ് നേടിയ ആതിഥേയർ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ അഞ്ച് മത്സരങ്ങളുള്ള പരമ്പര ടീം ഇന്ത്യ 3-0ത്തിന് സ്വന്തമാക്കിയിരുന്നു. ന്യൂസിലന്‍ഡില്‍ ഇന്ത്യന്‍ ടീം സ്വന്തമാക്കുന്ന ആദ്യത്തെ പരമ്പരയാണ് ഇത്.