വെല്ലിങ്‌ടണ്‍: ടെസ്റ്റ് മത്സരങ്ങൾക്ക് നിഷ്‌പക്ഷ വേദിയാകാന്‍ ഒരുങ്ങി ന്യൂസിലന്‍ഡ്. രാജ്യം കൊവിഡ് മുക്തമായതിനെ തുടർന്നാണ് വിവിധ രാജ്യങ്ങൾ തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങൾക്ക് വേദി ഒരുക്കാന്‍ ക്രിക്കറ്റ് ന്യൂസിലന്‍ഡ് നീക്കം നടത്തുന്നത്. ഇതിന്‍റെ ഭാഗമായി ക്രിക്കറ്റ് ന്യൂസിലന്‍ഡ്, ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോർഡുമായും ബന്ധപ്പെട്ടു.
ഒരു വർഷം നടത്താവുന്ന മത്സരങ്ങളുടെ എണ്ണവും ഗ്രൗണ്ടുകളുടെ എണ്ണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ക്രിക്കറ്റ് ന്യൂസിലന്‍ഡിന്‍റെ പരിഗണനയിലാണ്. മികച്ച ടൈം സോണിലല്ല ന്യൂസിലന്‍ഡ്. ഇത് മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണത്തെ പ്രതികൂലമായി ബാധിച്ചേക്കും.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് അവസാന രോഗിയും ആശുപത്രി വിട്ടതോടെ ന്യൂസിലന്‍ഡ് കൊവിഡ് 19 മുക്തമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ 19 ദിവസമായി രാജ്യത്ത് പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ന്യൂസിലന്‍ഡില്‍ ഇതേവരെ 1154 കൊവിഡ് 19 കേസുകളും 22 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്.
അതേസമയം കൊവിഡ് 19 കാരണം ആഗോള തലത്തില്‍ ക്രിക്കറ്റ് സ്‌തംഭിച്ചിരിക്കുകയാണ്. നിലവില്‍ ജൂലായ് എട്ടിന് അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങൾ പുന:രാരംഭിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. സതാംപ്‌റ്റണില്‍ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയാണ് അടുത്ത മാസം എട്ടിന് നടക്കുക.