ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ടെസ്റ്റില്‍ നിന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ടീം നായകന്‍ ജോ റൂട്ട് വിട്ടുനിന്നേക്കും. ഭാര്യ കാരി കോട്ടെറൽ അടുത്ത മാസം ആദ്യം കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്ന സാഹചര്യത്തിലാണ് റൂട്ട് മത്സരത്തില്‍ നിന്നും വിട്ടു നില്‍ക്കുക. റൂട്ടിന്‍റെ അഭാവത്തില്‍ ബെന്‍ സ്റ്റോക്‌സ് ടീമിനെ നയിക്കും. ബെന്‍ സ്റ്റോക്‌സ് ക്യാപ്റ്റനെന്ന നിലയില്‍ ശോഭിക്കുമെന്ന് റൂട്ട് പറഞ്ഞു. വിന്‍ഡീസിന് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ജൂലൈ എട്ടിന് സതാംപ്‌റ്റണില്‍ നടക്കും.
![joe root news test news ben stocks news ജോ റൂട്ട് വാർത്ത ടെസ്റ്റ് വാർത്ത ബെന്‍ സ്റ്റോക്‌സ് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/joe-root-wife-1986990_0306newsroom_1591165042_157.jpg)
2017-ല്‍ ടെസ്റ്റ് ടീമിന്‍റെ നായകനായ ശേഷം ജോ റൂട്ട് ഇതേവരെ ഒരു മത്സരം പോലും കളിക്കാതിരുന്നിട്ടില്ല. കഴുഞ്ഞ ദിവസമാണ് വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പരയുടെ ഫിക്‌സ്‌ചർ ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോർഡ് പുറത്ത് വിട്ടത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ കളിക്കാന്‍ യുകെ സർക്കാന്‍ അനുമതി നല്‍കിയതിനെ തുടർന്നായിരുന്നു ഇത്. ആദ്യ ടെസ്റ്റ് സതാംപ്‌റ്റണില്‍ നടക്കുമ്പോൾ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകൾ ഓൾഡ് ട്രാഫോഡില്‍ നടക്കും. യഥാക്രമം ജൂലൈ 16-നും 24-നുമാണ് മത്സരങ്ങൾ നടക്കുക.