സെഞ്ചൂറിയന്‍: വ്യാഴാഴ്ച്ച ദക്ഷിണാഫ്രിക്കെതിരെ ടെസ്‌റ്റ് മത്സരം കളിക്കുന്നതോടെ ഇംഗ്ലീഷ് പേസ് ബോളർ ജെയിംസ് ആന്‍റേഴ്‌സണ്‍ കളിക്കളത്തില്‍ ഒരു നാഴികക്കല്ല് കൂടി പിന്നിടും. 150 ടെസ്‌റ്റ് കളിക്കുന്ന ഒമ്പതാമത്തെ താരമെന്ന നേട്ടമാണ് ആന്‍റേഴസണെ കാത്തിരിക്കുന്നത്. ഇതോടെ 150 ടെസ്‌റ്റ് മത്സരം കളിക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് താരം കൂടിയായി താരം മാറും. മുന്‍ ഇംഗ്ലീഷ് നായകന്‍ അലസ്‌റ്റിയർ കുക്കാണ് ഈ നേട്ടം നേരത്തെ സ്വന്തമാക്കിയത്. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കർ, രാഹുല്‍ ദ്രാവിഡ്, മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍മാരായ സ്‌റ്റീവോ, റിക്കി പോണ്ടിങ്ങ് ഓസിസ് ഇതിഹാസ താരം അലന്‍ ബോർഡർ, മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കാലിസ്, മുന്‍ വെസ്‌റ്റ് ഇന്‍ഡീസ് താരം ചന്ദ്രപോൾ എന്നവരാണ് പട്ടികയില്‍ ഉൾപ്പെട്ട മറ്റുള്ളവർ.
നേരത്തെ ആഷസ് മത്സരത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ആന്‍ഡേഴ്ണ്‍ കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇതേ തുടർന്ന് ന്യൂസിലാന്‍റിനെതിരായ ടെസ്‌റ്റ് പരമ്പരയും ആന്‍ഡേഴ്‌സണ് നഷ്ട്ടമായിരുന്നു. ഇംഗ്ലണ്ടിന്‍റെ ടെസ്‌റ്റ് ടീമിലെ നിലവിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാണ് ആന്‍ഡേഴ്‌സണ്‍. 575 വിക്കറ്റുകളാണ് അദ്ദേഹത്തിന്‍റെ അക്കൗണ്ടിലുള്ളത്. 535 വിക്കറ്റുകൾ സ്വന്തമാക്കിയതോടെ 37 വയസുള്ള ആന്‍ഡേഴ്‌സണ്‍ ഈ പതിറ്റാണ്ടിലെ രണ്ടാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരനായി മാറി. തന്‍റെ 20-ാം വയസിലാണ് അന്‍ഡേഴസണ്‍ പ്രഥമ ടെസ്റ്റ് മത്സരം കളിക്കുന്നത്.
അതേസമയം ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്‌റ്റ് മത്സരങ്ങൾ കളിച്ചയാളെന്ന റെക്കോഡ് മുന്‍ നായകന്‍ അലസ്‌റ്റിയർ കുക്കിന്‍റെ പേരിലാണ്. 161 ടെസ്‌റ്റ് മത്സരങ്ങളാണ് അദ്ദേഹം രാജ്യത്തിനായി കളിച്ചത്.