ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ പേസർ ഇർഫാന്‍ പത്താന്‍റെ ചരിത്ര നേട്ടത്തിന് 14 വയസ്. ചിരവൈരികളായ പാകിസ്ഥാനെതിരെ ടെസ്റ്റ് മത്സരത്തില്‍ ഹാട്രിക്ക് സ്വന്തമാക്കിയാണ് താരം നാഴികക്കല്ല് പിന്നിട്ടത്. ടെസ്റ്റ് മത്സരത്തില്‍ ഹാട്രിക് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് പത്താന്‍ സ്വന്തമാക്കിയത്. പാകിസ്ഥാന് എതിരായ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പയില്‍ കറാച്ചിയില്‍ നടന്ന അവസാനത്തെ മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 2006 ജനുവരി 29നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. സല്‍മാന്‍ ബട്ടിന്‍റെയും യൂനിസ് ഖാന്‍റെയും മുഹമ്മദ് യൂസഫിന്‍റെയും വിക്കറ്റുകളാണ് പത്താന്‍ എടുത്തത്. 2017-ലെ ആദ്യ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പിച്ച് കിരീടം സ്വന്തമാക്കിയപ്പോൾ കളിയിലെ താരമായി തെരഞ്ഞെടുത്തത് പത്താനെയായിരുന്നു. നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി താരം മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
ഇക്കഴിഞ്ഞ ജനുവരി നാലാം തിയതിയാണ് താരം ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റില്‍ നിന്നും വിരമിച്ചത്. 29 ടെസ്റ്റ് മത്സരങ്ങളും 120 ഏകദിന മത്സരങ്ങളും 24 ടി20 മത്സരങ്ങളും ഇന്ത്യക്ക് വേണ്ടി കളിച്ചു. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ എല്ലാ ഫോർമാറ്റിലുമായി 301 വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. ഒരു സെഞ്ച്വറിയും 11 അർധ സെഞ്ച്വറിയും അടക്കം 2821 റണ്‍സും സ്വന്തമാക്കി. ഇതിന് മുമ്പ് 2001ലാണ് ഒരു താരം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്കായി ഹാട്രിക്ക് സ്വന്തമാക്കിയത്. ഹർഭജന്‍ സിംഗാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും അവസാനം 2019ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ മത്സരത്തില്‍ ജസ്‌പ്രീത് ബുമ്രയും ഹാട്രിക് നേട്ടം കൊയ്‌തു.