ഡല്‍ഹി: ഇന്ത്യൻ പ്രീമിയർ ലീഗില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ബാറ്റിംഗ് ആരംഭിച്ചു. ഇന്ന് ബാംഗ്ലൂരിനെതിരെ ജയിച്ചാല്‍ ഡല്‍ഹി പ്ലേ ഓഫിലേത്തും.
പ്രധാനപ്പെട്ട മൂന്ന് മാറ്റങ്ങളുമായാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ കളത്തിലിറങ്ങിയത്. ലോകകകപ്പ് ഒരുക്കങ്ങൾക്കായി മോയിൻ അലി നാട്ടിലേക്ക് മടങ്ങിയതോടെ ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസൻ ബാംഗ്ലൂർ നിരയില്‍ ഇടംനേടി. ടിം സൗത്തിക്കും അക്ഷദീപിനും പകരം ശിവം ഡൂബെയും ഗുർക്രീത് സിംഗും ടീമില്‍ തിരിച്ചെത്തി. നിർണായക മത്സരത്തില്‍ ഒരേയൊരു മാറ്റമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ വരുത്തിയത്. ക്രിസ് മോറിസിന് പകരം നേപ്പാളിന്‍റെ യുവസ്പിന്നർ സന്ദീപ് ലാമിച്ചാനെ ടീമിലെത്തി.
നിലവില്‍ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നില്‍ക്കുന്ന ബാംഗ്ലൂരിന് പ്ലേഓഫിലെത്താൻ ഇനിയുള്ള എല്ലാ മത്സരത്തിലും മികച്ച റൺറേറ്റോടെ ജയിക്കണം. 11 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് മൂന്നാം സ്ഥാനത്താണ്.