ന്യൂഡല്‍ഹി: ഐപിഎല്‍ ആരവങ്ങള്‍ ഇത്തവണയും മുടങ്ങില്ല. സീസണിലെ മത്സരക്രമം ഐപിഎല്‍ ഭരണ സമിതി തീരുമാനിച്ചു. ഞായറാഴ്‌ച ചേര്‍ന്ന ഭരണസമതി യോഗത്തിലാണ് തീരുമാനം. സെപ്റ്റംബര്‍ 19 ആരംഭിക്കുന്ന 13ാം സീസണിന്‍റെ ഫൈനല്‍ നവംബര്‍ 10ന് നടക്കും. വൈകിട്ട് 7.30 മുതല്‍ ആരംഭിക്കുന്ന ഐപിഎല്ലിനായി യുഎയിലെ അബുദബിയിലും ഷാര്‍ജയിലും ദുബൈയിലുമാണ് വേദി കണ്ടെത്തിയിരിക്കുന്നത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ 10 ദിവസങ്ങളില്‍ രണ്ട് മത്സരങ്ങള്‍ വീതവും നടക്കും. പകല്‍ 3.30നും രാത്രി 7.30മാണ് മത്സരങ്ങള്‍ നടക്കുക.
സാധാരണഗതിയില്‍ 49 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കുന്ന ഐപിഎല്‍ ഇത്തവണ കൊവിഡ് 19 പശ്ചാത്തലത്തില്‍ 51 ദിവസമായി നീട്ടുകയായിരുന്നു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ബയോ സെക്വയര്‍ ബബിളിനുള്ളില്‍ വെച്ചാകും ടൂര്‍ണമെന്‍റ് നടക്കുക. ഒരു ടീമില്‍ പരമാവധി 24 അംഗങ്ങളാണ് ഉണ്ടാവുക. കൊവിഡ് 19 മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ രൂപീകരിക്കാന്‍ ഐപിഎല്‍ ഗവേണിങ്ങ് ബോഡി തുടര്‍ന്നും ചേരും.
ഐപിഎല്ലുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ കത്ത് ലഭിച്ചതായി എമിറേറ്റ് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. കത്ത് ലഭിച്ച പശ്ചാത്തലത്തില്‍ ഐപിഎല്‍ നടത്താന്‍ യുഎഇ ഗവണ്‍മെന്‍റില്‍ നിന്നും ഇസിബി അനുമതി വാങ്ങും. ടൂര്‍ണമെന്‍റിന്‍റെ സ്‌പോണ്‍സറായി വിവോ തുടരുമെന്നും ഭരണസമിതി യോഗത്തില്‍ തീരുമാനമായി. നേരത്ത മാര്‍ച്ച് 29 മുതല്‍ ആരംഭിക്കാനിരുന്ന ടൂര്‍ണമെന്‍റ് കൊവിഡ് 19 പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു.