ലോഡർഹിൽ: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ട്വന്‍റി ട്വന്‍റി മത്സരത്തില്‍ ഇന്ത്യക്ക് 96 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന്‍റെ ബാറ്റിങ് നിരക്ക് ഒരു ഘട്ടത്തിലും മേല്‍കൈ നല്‍കാതെ ഇന്ത്യന്‍ ബോളര്‍മാര്‍ ഇവരെ കടന്നാക്രമിക്കുകയായിരുന്നു. വിന്‍ഡീസ് നിരയിലെ ഏഴ് താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്. ഇതില്‍ മൂന്ന് പേരും അക്കൗണ്ട് തുറക്കാതെ പവലിയനിലേക്ക് മടങ്ങുകയായിരുന്നു.
വെസ്റ്റിന്‍ഡീസിന്‍റെ ഓപ്പണര്‍മാര്‍ രണ്ട് പേരും റണ്‍സ് നേടാനാകാതെ പുറത്തായി. പിന്നീട് ക്രീസിലെത്തിയ നിക്കോളാസ് പുരാന്‍ ടീമിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ഇരുപത് റണ്‍സ് മാത്രം നേടാനെ ഇദ്ദേഹത്തിന് സാധിച്ചുള്ളൂ. ശേഷം ക്രീസിലെത്തിയതില്‍ കീറോണ്‍ പൊള്ളാഡിന് മാത്രമാണ് നിലയുറപ്പിക്കാന്‍ സാധിച്ചത്. ടീം ടോട്ടലിന്‍റെ പകുതിയും പൊള്ളാഡിന്‍റെ സംഭാവനയാണ്. 49 പന്ത് നേരിട്ട താരം നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 49 റണ്‍സ് നേടി. പൊള്ളാഡിന്‍റെ ഒറ്റയാള്‍ പോരാട്ടമാണ് വിന്‍ഡീസ് സ്കോര്‍ നൂറിനടുത്തെത്തിച്ചത്. 20 ഓവര്‍ പിന്നിടുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് വിന്‍ഡീസിന്‍റെ സമ്പാദ്യം.
ഇന്ത്യക്കായി പുതുമുഖ താരം നവദീപ് സൈനി മൂന്ന് വിക്കറ്റ് എടുത്തു. അവസാന ഓവറില്‍ റണ്‍സ് വിട്ട് കൊടുക്കാതെ കിറോണ്‍ പൊള്ളാഡിന്‍റെ വിക്കറ്റ് സ്വന്തമാക്കിയും സൈനി വരവ് ഗംഭീരമാക്കി. ഭുവനേശ്വര്‍ കുമാര്‍ രണ്ടും വാഷിംഗ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, ക്രുണാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.