ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടുമാകും കൊമ്പുക്കോർക്കുക എന്ന് മുൻ ഇന്ത്യൻ നായകൻ സുനില്‍ ഗവാസ്കർ. മേയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായാണ് ഏകദിന ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.
ഇന്ത്യയും ഇംഗ്ലണ്ടും തന്നെയാകും ലോകകപ്പ് ഫൈനലിലെത്തുക എന്ന് ഉറച്ച് വിശ്വസിക്കുന്നതായി ഗവാസ്കർ പറഞ്ഞു. ഇംഗ്ലണ്ട് 400ന് അടുത്ത് സ്കോർ ചെയ്യാൻ ശേഷിയുള്ള ടീമാണെങ്കിലും ഇന്ത്യക്കെതിരെ അതിന് സാധിക്കില്ലെന്നും ഗവാസ്കർ വ്യക്തമാക്കി. നായകൻ വിരാട് കോഹ്ലിയും മുൻ നായകൻ എം.എസ് ധോണിയും തമ്മിലുള്ള മാനസിക അടുപ്പംതന്നെയാണ് ഇന്ത്യയുടെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ 1983ലും 2011ലും ലോകകപ്പ് നേടിയപ്പോൾ ഇംഗ്ലണ്ട് ഫൈനലിലെത്തിയ മൂന്ന് തവണയും റണ്ണേഴ്സ് അപ്പായി അവസാനിക്കുകയായിരുന്നു. അടുത്തിടെയായി ഇന്ത്യയും ഇംഗ്ലണ്ടും മികച്ച ഫോമിലാണ് ഏകദിനത്തില്‍ കളിക്കുന്നത്. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ ടീമുകൾക്കെതിരെ അവരുടെ നാട്ടില്‍ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഇംഗ്ലണ്ടിനോട് മാത്രമാണ് പരാജയപ്പെട്ടത്.