സിഡ്‌നി: വനിതാ ടി20 ലോകകപ്പില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓസിസ് ബൗളിങ് നിരക്ക് മുന്നില്‍ തകർന്നു. നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 132 റണ്‍സാണ് എടുത്തത്. 133 റണ്‍സെന്ന വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്കും ബാറ്റിങ് തകർച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോൾ 12.1 ഓവറില്‍ അഞ്ച് വിക്കറ്റിന് 76 റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ . ഏഴ് റണ്‍സെടുത്ത ആഷ്‌ലി ഗാർഡ്നറും റണ്ണൊന്നും എടുക്കാതെ ജെസ് ജൊനാസണുമാണ് ക്രീസില്‍. ഇന്ത്യക്കായി പൂനം യാദവ് നാല് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ശിഖ പാണ്ഡെ, രാജേശ്വരി ഗേക്ക്‌വാദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പുറത്താകാതെ 49 റണ്‍സെടുത്ത ദീപ്‌തി ശർമയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. ഓപ്പണർമാരായ ഷിഫാലി വർമ്മ 29 റണ്‍സെടുത്തും സ്‌മൃതി മന്ദാന 10 റണ്‍സെടുത്തും പുറത്തായി. മികച്ച തുടക്കമാണ് ടീം ഇന്ത്യക്ക് ലഭിച്ചത്. നാല് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെടുക്കാന്‍ ഇന്ത്യക്കായിരുന്നു. രണ്ട് വിക്കറ്റ് നേടിയ ജെസ് ജോനസെനാണ് ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകര്‍ത്തത്.