ന്യൂഡല്‍ഹി: അടുത്ത ദിവസം നടക്കുന്ന ഐസിസി യോഗത്തില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവച്ചേക്കുമെന്ന് ബിസിസിഐ. അതേസമയം ലോകകപ്പ് മാറ്റിവക്കുകയാണെങ്കില്‍ 2021-ലെ ലോകകപ്പിന് ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടക്കും. നിലവില്‍ 2021-ലെ ലോകകപ്പ് ഇന്ത്യയില്‍ വച്ച് നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഈ വച്ചുമാറലിന് തയാറാകില്ലെന്നാണ് ബിസിസിഐ നല്‍കുന്ന സൂചന. അതേസമയം ഈ വർഷം പിന്നീട് അനുകൂല സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ ഓസ്‌ട്രേലിയന്‍ പര്യടനം നടത്താന്‍ ടീം ഇന്ത്യ തയാറായേക്കും. ഇത് ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾക്ക് സാമ്പത്തികമായി ഏറെ ആശ്വാസം പകരുകയും ചെയ്യും. പ്രത്യേകിച്ച് സാമ്പത്തിക പ്രതിസന്ധിയിലായ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക്. സാമ്പത്തിക പ്രതിസന്ധികാരണം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ.
വ്യാഴാഴ്‌ച നടക്കാനിരിക്കുന്ന ഐസിസി യോഗത്തില്‍ ടി20 ലോകകപ്പ് മാറ്റിവക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും യോഗം നടക്കുക. നേരത്തെ ഒക്‌ടോബർ 18 മുതല്‍ നവംബർ 15 വരെ ലോകകപ്പ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അതേസമയം ലോകകപ്പ് മാറ്റിവച്ചാല്‍ ഇന്ത്യയില്‍ ഐപിഎല്‍ നടത്താന്‍ സമയം ലഭക്കും. ഒക്‌ടോബർ നവംബർ മാസങ്ങളിലായി ഐപിഎല്‍ 13-ാം സീസണ്‍ സംഘടപ്പിക്കാനാണ് ബിസിസിഐ നീക്കം. നേരത്തെ മാർച്ച് 19 മുതലാണ് ഐപിഎല്‍ നടത്താന്‍ നിശ്ചിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് കൊവിഡ് 19 കാരണം ഏപ്രില്‍ 15 വരെ മാറ്റിവച്ചു. എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടിയതോടെ ഐപിഎല്‍ അനിശ്ചിതമായി നീട്ടിവച്ചു.