ബംഗളൂരു; ഏകദിനത്തിലും ടി-ട്വൻടിയിലും രോഹിത് ശർമയും ശിഖർ ധവാനും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് സമ്മാനിക്കുന്നത് സ്വപ്ന തുല്യമായ തുടക്കമാണ്. 2020 ലെ ആദ്യ വിദേശ പര്യടനത്തിനായി ടീം ഇന്ത്യ ന്യൂസിലൻഡിലേക്ക് പോകുമ്പോൾ രോഹിത്- ധവാൻ കൂട്ടുകെട്ട് ഉണ്ടാകാനിടയില്ല. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ധവാന് പരിക്കേറ്റിരുന്നു. മത്സരത്തിലെ അഞ്ചാം ഓവറില്‍ ഷോട്ട് തടയാൻ ശ്രമിക്കുന്നതിനിടെ ധവാന്‍റെ ഇടതു തോളെല്ലിന് പരിക്കേല്‍ക്കുകയായിരുന്നു.
എക്സ്റേ പരിശോധനയ്ക്ക് വിധേയനാക്കിയ ധവാന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടില്ല. പരിക്ക് ഗുരുതരമാണെങ്കില്‍ ന്യൂസിലൻഡിലേക്ക് പകരം ആളെ കണ്ടെത്തേണ്ടി വരും. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ധവാന് പരിക്കേറ്റിരുന്നു. പാറ്റ് കമ്മിൻസിന്‍റെ പന്ത് വാരിയെല്ലില്‍ തട്ടിയ ധവാൻ ബാറ്റിങ് തുടർന്നിരുന്നു. എന്നാല്‍ അവസാന ഏകദിനത്തില്‍ പരിക്കേറ്റ ധവാൻ ഇന്ത്യൻ ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാൻ എത്തിയില്ല. പകരം ലോകേഷ് രാഹുലാണ് ഓപ്പൺ ചെയ്തത്. ഈമാസം 24നാണ് ന്യൂസിലൻഡിനെതിര ഇന്ത്യയുടെ ആദ്യമത്സരം നടക്കുന്നത്.