ന്യൂഡല്‍ഹി: ലോകം കൊവിഡ് മുക്തമായതിന് ശേഷമേ ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കേണ്ടതുള്ളൂവെന്ന് മുന്‍ ഇന്ത്യന്‍ ഓൾറൗണ്ടർ യുവരാജ് സിംഗ്. നിലവിലെ സാഹചര്യത്തില്‍ കളിക്കാരുടെ ആരോഗ്യത്തിനും സുരക്ഷക്കുമാണ് പ്രാധാന്യം നല്‍കേണ്ടതെന്നും യുവി വ്യക്തമാക്കി. അന്താരാഷ്‌ട്ര, ആഭ്യന്തര മത്സരങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുന്നതിനെ കുറിച്ച് അധികൃതർ ആലോചിക്കുകയാണെന്നും യുവി കൂട്ടിച്ചേർത്തു.
''എന്‍റെ വ്യക്തിപരമായ അഭിപ്രായം ആദ്യം നമ്മുടെ രാജ്യത്തെയും ലോകത്തെയും കൊവിഡില്‍ നിന്നും പ്രതിരോധിക്കാം. കൊവിഡ് ഭീഷണി പൂർണമായും ഇല്ലാതാകണം. അല്ലാത്ത പക്ഷം കളിക്കാന്‍ ഫീല്‍ഡിലേക്ക് ഇറങ്ങാന്‍ മടിച്ചെന്നുവരാം. അവർ ഡ്രസിങ് റൂമിലേക്കോ ചെയിഞ്ച് റൂമിലേക്കോ വരാന്‍ മടിക്കും. ഒരു താരമെന്ന നിലയില്‍ നിങ്ങൾ രാജ്യത്തെയോ, ക്ലബിനേയോ പ്രതിനിധീകരിച്ച് ഏറെ സമ്മർദത്തോടെയാണ് കളിക്കുന്നത്. അതിനിടയില്‍ കൊവിഡ് ഭീതി അലട്ടുന്ന സഹചര്യം ഉടലെടുക്കുന്നത് നിങ്ങൾ ആഗ്രഹിക്കില്ല.'' യുവരാജ് കൂട്ടിച്ചേർത്തു.
മത്സരത്തിനിടെ കൊവിഡിനെ കുറിച്ചുള്ള ചിന്തകൾ അലട്ടുന്നതിനെ കുറിച്ച് കളിക്കാർക്ക് ആലോക്കാനാകില്ല. ഗ്രൗണ്ടില്‍ പന്തിനെ കുറിച്ചും അനുബന്ധ കാര്യങ്ങളെ കുറിച്ചും ആലോചിക്കാനെ സമയം കാണൂ. ഇതേ കുറിച്ച് ലോകം തുറന്ന് ചർച്ച ചെയ്യണമെന്നും യുവരാജ് സിംഗ് അഭിപ്രായപ്പെട്ടു.