മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എന്ന നിലയില്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്‍റെ സേവനത്തിന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലെന്ന് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ടിവി ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകദിന ക്രിക്കറ്റില്‍ ഗാഗുലിയുടെ നേതൃത്വത്തിലും ടെസ്റ്റില്‍ ദ്രാവിഡിന്‍റെ നേതൃത്വത്തിലുമായിരുന്നു തന്‍റെ അരങ്ങേറ്റം. ക്യാപ്റ്റന്‍മാരെന്ന നിലയില്‍ കപില്‍ദേവ്, എംഎസ് ധോണി, സൗരവ് ഗാംഗുലി എന്നിവരെ കുറിച്ച് ക്രിക്കറ്റ് നിരീക്ഷകര്‍ പരാമര്‍ശിക്കാറുണ്ട്. ഇപ്പോള്‍ വിരാട് കോലിയെ കുറിച്ചും. എന്നാല്‍ സമാന പരാമര്‍ശം നിര്‍ഭാഗ്യവശാല്‍ ദ്രാവിഡിനെ കുറിച്ച് ഉണ്ടാകാറില്ല. ക്രിക്കറ്റിലെ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ക്കും വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് ആവശ്യപ്പെടുന്ന പൊസിഷനിലെല്ലാം ദ്രാവിഡ് കളിച്ചിട്ടുണ്ട്. ഓപ്പണറാകാനും മൂന്നാമതായി ഇറങ്ങാനും വിക്കറ്റ് കീപ്പറാകാനും എല്ലാം അദ്ദേഹം തയ്യാറായി. മറ്റൊരാള്‍ക്കും നേടിയെടുക്കാന്‍ സാധിക്കാത്ത വിധം വലിയ സ്വാധീനമാണ് അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റില്‍ സൃഷ്ടിച്ചത്. സച്ചിന്‍റെ സംഭാവനകള്‍ക്ക് ഒപ്പം ദ്രാവിഡിന്‍റെ സംഭാവനകളും പരിഗണിക്കാമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. നിലവില്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് രാഹുല്‍ ദ്രാവിഡ്.