ഓക്‌ലാന്‍ഡ്: പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം പ്രഖ്യാപിച്ച് ക്രിക്കറ്റ് ന്യൂസിലാന്‍റ്. ഏകദിന ക്രിക്കറ്റില്‍ പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം കിവീസ് നായകന്‍ കെയിന്‍ വില്യംസണാണ്. ടി20 വിഭാഗത്തില്‍ റോസ് ടെയ്‌ലർക്കാണ് പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം. അതേ സമയം വനിതാ വിഭാഗത്തില്‍ നായിക സോഫി ഡിവൈന് ടി20 പ്ലെയർ ഓഫ് ദി ഇയറും സൂസി ബേറ്റ്സിന് ഏകദിനത്തിലെ പ്ലയർ ഓഫ് ദി ഇയറും ലഭിച്ചു.
കൊവിഡ് 19-നെ തുടർന്ന് ഇത്തവണ ഓണ്‍ലൈനായാണ് അവാർഡ് ദാനം നടന്നത്. നായകന്‍ എന്ന നിലയിലും ബാറ്റ്സ്‌മാന്‍ എന്ന നിലയിലും വില്യംസണ് 2019 നേട്ടങ്ങളുടെ വർഷമായിരുന്നു എന്ന് മുഖ്യ പരിശീലകന്‍ ഗാരി സ്റ്റഡ് പറഞ്ഞു.
ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള ടീം ഫൈനലില്‍ കളിച്ചു. ലോകകപ്പില്‍ വില്യംസണ്‍ രണ്ട് സെഞ്ച്വറി അടക്കം 578 റണ്‍സാണ് അടിച്ചുകൂട്ടിയത്. അതേസമയം റോസ് ടെയ്‌ലർ ടി20 മത്സരങ്ങളില്‍ നിന്നായി 330 റണ്‍സ് സ്വന്തമാക്കിയെന്നും ഗാരി സ്റ്റഡ് കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കെതിരെ സ്വന്തം മണ്ണില്‍ നടന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ വനിതാ താരം സോഫി ഡിവൈന്‍ രണ്ട് അർദ്ധസെഞ്ച്വറി അടക്കം 142 റണ്‍സ് നേടിയെന്ന് വനിതാ ടീമിന്‍റെ മുഖ്യ പരിശീലക ബോബ് കാർട്ടർ പറഞ്ഞു. അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ തുടർച്ചയായി ആറ് തവണ അർദ്ധസെഞ്ചറി നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയ സോഫി ഡിവൈന് ടി20 പ്ലെയർ ഓഫ് ദി അവാർഡിന് എന്തുകൊണ്ടും അർഹയാണെന്നും ബോബ് കാർട്ടർ കൂട്ടിച്ചേർത്തു.