ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്‍റെ ഡവലപ്‌മെന്‍റ് കോച്ചിന് കൊവിഡ് 19. പരിശീലകനും മുന്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് താരവുമായ ആഷിഖുർ റഹ്മാനാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. തനിക്ക് വൈറസ് ബാധയുള്ളതായി ചൊവ്വാഴ്‌ച 33 വയസുള്ള ആഷിഖുർ തന്നെ വെളിപ്പെടുത്തുകയായിരുന്നു. നിലവില്‍ സിറ്റി ഹോസ്‌പിറ്റലില്‍ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിന്‍റെ 2002-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു ആഷിഖുർ. പക്ഷേ അദ്ദേഹത്തിന് ദേശീയ ടീമില്‍ ഇടം നേടാനായില്ല. അദ്ദേഹം ഇതിന് മുമ്പ് ബംഗ്ലാദേശിന്‍റെ വനിതാ ക്രിക്കറ്റ് ടീമിന്‍റെ സഹപരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.