ജോഹന്നാസ്ബര്‍ഗ്: ക്രിക്കറ്റ് സൗത്താഫ്രിക്ക നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് ടീമുകള്‍ പങ്കെടുക്കുന്ന സോളിഡാരിറ്റി കപ്പ് സംഘടിപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ ടെസ്റ്റിലാണ് വൈറസ് സ്ഥിരീകരിച്ചത്. ബോര്‍ഡുമായി കരാറുള്ള കളിക്കാരും ജീവനക്കാരും ഉള്‍പ്പെടെ 100 പേരെയാണ് ടെസ്റ്റിന് വിധേയരാക്കിയത്. ക്രിക്കറ്റ് സൗത്താഫ്രിക്ക രൂപീകരിച്ച മാനദണ്ഡപ്രകാരം വൈറസ് ബാധിതരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്ന് ഇടക്കാല സിഇഒ ജാക്വസ് ഫോള്‍ പറഞ്ഞു. കളിക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചോ എന്ന് ഇപ്പോള്‍ വ്യക്തമാക്കാനാകില്ലെന്നും നിലവിലെ സാഹചര്യം ആശങ്ക ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കൊവിഡ് 19 ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നതോടെ സാമൂഹ്യ അകലം പാലിച്ച് നടത്തുന്ന കായിക ഇനങ്ങള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജൂണ്‍ 27-ന് ആരംഭിക്കാനിരുന്ന സോളിഡാരിറ്റി കപ്പ് ക്രിക്കറ്റ് സൗത്താഫ്രിക്ക മാറ്റിവെച്ചു.