വെല്ലിങ്ടണ്‍: കൊവിഡ് 19 ഭീതിയില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമും. ഐപിഎല്‍ മത്സരങ്ങളില്‍ കളിക്കുന്നവർ ഉൾപ്പെടെയുള്ള കിവീസ് താരങ്ങൾക്ക് വൈറസ് ബാധയെ കുറിച്ച് ദിനംപ്രതി പുതിയ വിവരങ്ങൾ കൈമാറും. എട്ട് ന്യൂസിലന്‍ഡ് താരങ്ങളാണ് ഐപിഎല്ലില്‍ കളിക്കുന്നത്. ന്യൂസിലന്‍ഡില്‍ നിന്നുള്ള പുരുഷ, വനിത ക്രിക്കറ്റ് താരങ്ങൾക്കെല്ലാം ഇത്തരത്തില്‍ വൈറസ് പരിരക്ഷ ലഭിക്കുമെന്നും ക്രിക്കറ്റ് ന്യൂസിലന്‍ഡ് അധികൃതർ വ്യക്തമാക്കി. കായിക താരങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനായി വിദേശകാര്യ മന്ത്രാലയത്തിന്‍റെയും ലോകാരോഗ്യ സംഘടനയുടെയും ഉൾപ്പെടെ സഹായം തേടും.
ഐപിഎല്‍ മത്സരങ്ങൾക്കിടെ ആരാധകരുമായി താരങ്ങൾ നേരിട്ട് ഇടപെടാനുള്ള സാഹചര്യങ്ങൾ കൂടുതലാണ്. ആരാധർക്ക് ഓട്ടോഗ്രാഫ് നല്‍കാനും സെല്‍ഫി എടുക്കാനും താരങ്ങൾ നിർബന്ധിതരാകും. ഈ പശ്ചാത്തലത്തിലാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം അധികൃതർ വൈറസ് പ്രതിരോധ നടപടികളുമായി മുന്നോട്ട് പോകുന്നത്. നേരത്തെ ശ്രീലങ്കക്ക് എതിരായ മത്സരത്തിന് മുന്നോടിയായി താരങ്ങൾ തമ്മില്‍ കൈ കൊടുക്കില്ലെന്നും മുഷ്‌ടി ചുരുട്ടി അഭിവാദ്യം ചെയ്യുമെന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ടീം വ്യക്തമാക്കിയിരുന്നു.
നേരത്തെ ഐപിഎല്‍ മത്സരങ്ങൾ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. മാർച്ച് 19 മുതലാണ് ഐപിഎല്‍ മത്സരങ്ങൾ നടക്കുക. അതേസമയം വിദേശ പര്യടനവുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ ഭാഗത്ത് നിന്നും ഇതേവരെ യാതൊരു നിർദ്ദേശവും നല്‍കിയിട്ടില്ല. ഇന്ത്യയില്‍ മാത്രം 29 പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. ലോകത്തുടനീളം 3100 പേർ കൊവിഡ് 19 ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. 90,000 ത്തില്‍ അധികം പേർ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലാണ്.