മുംബൈ: ഒറ്റ രാത്രി കൊണ്ട് ബൗളേഴസിന്‍റെ ശീലങ്ങൾ മാറ്റാന്‍ ഐസിസിക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ പേസർ ബ്രെറ്റ് ലീ. കൊവിഡ് 19 പശ്ചാത്തലത്തില്‍ പന്തില്‍ ഉമിനീർ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തണമെന്ന ഐസിസി കമ്മിറ്റിയുടെ ശുപാർശയുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്തില്‍ ഉമിനീർ ഉപയോഗിച്ച് തിളക്കം വർദ്ധപ്പിക്കുന്ന ശീലങ്ങൾ അത്ര പെട്ടെന്ന് മാറ്റാന്‍ സാധിക്കുമെന്ന് ഐസിസി വിശ്വസിക്കുന്നുണ്ടാവില്ല. കഴിഞ്ഞ 10 വർഷത്തോളമായി ഈ ശീലം തുടരുന്നുണ്ടാകാം. അതിനാല്‍ തന്നെ ചില ഇളവുകളോ മുന്നറിയിപ്പുകളോ ഇല്ലാതെ ഈ ശുപാർശ നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്നും ബ്രെറ്റ് ലീ പറഞ്ഞു.
കൊവിഡ് 19 കാരണം ആഗോള തലത്തില്‍ ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക ഇനങ്ങൾ ഏറെക്കുറെ സ്തംഭിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി പന്തിന്‍റെ തിളക്കം വർദ്ധിപ്പിക്കാന്‍ ഗ്രൗണ്ടില്‍ കളിക്കാർ ഉമിനീർ ഉപയോഗിക്കരുതെന്ന ശുപാർശ ഐസിസിക്ക് മുന്നിലെത്തിയത്. മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ അധ്യക്ഷനായ കമ്മിറ്റിയാണ് ശുപാർശ ഐസിസിക്ക് മുമ്പാകെ സമർപ്പിച്ചത്. ഐസിസിയുടെ മെഡിക്കല്‍ ഉപദേശക സമിതിയും ഇതേ അഭിപ്രായമാണ് മുന്നോട്ട് വെച്ചത്.