മെല്‍ബണ്‍: ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിക്കുള്ള വേദികൾ തീരുമാനിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. പര്യടനത്തിന്‍റെ ഭാഗമായി ഇന്ത്യ നാല് ടെസ്റ്റുകളാണ് ഓസ്‌ട്രേലിയയില്‍ കളിക്കുക. പരമ്പരയുടെ ഭാഗമായുള്ള ആദ്യ ടെസ്റ്റ് ബ്രിസ്‌ബണില്‍ ഡിസംബർ മൂന്ന് മുതല്‍ എട്ട് വരെ നടക്കും. രണ്ടാമത്തെ ടെസ്റ്റ് അഡ്‌ലെയ്‌ഡില്‍ ഡിസംബർ 11-ന് ആരംഭിക്കും. ഇത് പിങ്ക് ബോൾ ടെസ്റ്റാകുമെന്ന പ്രത്യേകതയുമുണ്ട്. അടുത്ത ടെസ്റ്റ് മെല്‍ബണിലാകും. ഇത് ബോക്‌സിങ് ഡേ മത്സരമാകുമെന്ന പ്രത്യേകതയുമുണ്ട്. പരമ്പരയിലെ അവസാന മത്സരത്തിന് സിഡ്നിയാണ് ആതിഥേയത്വം വഹിക്കുക. ജനുവരി മൂന്നിനാണ് സിഡ്നി ടെസ്റ്റ് ആരംഭിക്കുക. എന്നല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മെയ് 28-നെ ഉണ്ടാകൂ.
നേരത്തെ കഴിഞ്ഞ തവണ ബോർഡർ ഗവാസ്‌കർ ട്രോഫി സ്വന്തമാക്കി ഇന്ത്യ ചരിത്രം സൃഷ്‌ടിച്ചിരുന്നു. അന്ന് 2-1-നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ നേടുന്ന ആദ്യ ടെസ്റ്റ് പരമ്പര കൂടിയായിരുന്നു അത്. ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഓസ്‌ട്രേലിയ അഫ്‌ഗാനിസ്ഥാന് എതിരെ പെർത്തില്‍ ടെസ്റ്റ് കളിക്കും. നവംബർ 21-നാകും ഈ മത്സരം. ഇതും പിങ്ക് ബോൾ ടെസ്റ്റായിരിക്കും. ഇരു രാജ്യങ്ങളും ഒരു ടെസ്റ്റ് മത്സരത്തില്‍ ആദ്യമായിട്ട് ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതക്കും അന്ന് പെർത്ത് സാക്ഷിയാകും.
അതേസമയം ടി20 ലോകകപ്പിനും ഈ വർഷം ഓസ്‌ട്രേലിയയില്‍ നടക്കേണ്ടതാണ്. എന്നാല്‍ കൊവിഡ് 19 കാരണം ടൂർണമെന്‍റ് നടക്കുന്ന കാര്യം ഇതേവരെ ഉറപ്പായിട്ടില്ല. ഐസിസിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.