കൊല്‍ക്കത്ത: ബംഗാൾ സെലക്ടർ സാഗർമോയി സെന്‍ശർമക്ക് കൊവിഡ് 19. ഭാര്യയില്‍ നിന്നും രോഗം ബാധിച്ചതായാണ് സംശയിക്കുന്നത്. ഭാര്യക്ക് കൊവിഡ് 19 ബാധിച്ച ശേഷമാണ് സെന്‍ശർമക്ക് രോഗം ബാധിച്ചത്. നിലവില്‍ അദ്ദേഹത്തിന്‍റെ ഭാര്യയുടെ രോഗം ഭേദമായി.എന്നാല്‍ മറ്റ് കുടുംബാംഗൾക്കെല്ലാം കൊവിഡ് 19 ടെസ്റ്റില്‍ നെഗറ്റീവ് റിസല്‍ട്ട് ലഭിച്ചു. നിലവില്‍ 54 വയസുള്ള സെന്‍ശർമയെ ഇഎം ബൈപ്പാസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1989-90 കാലഘട്ടത്തില്‍ ബംഗാളിന്‍റെ രഞ്ജി ട്രോഫി ടീമില്‍ അംഗമായിരുന്നു സെന്‍ശർമ. സെലക്‌ടർ സെന്‍ശർമക്ക് കൊവിഡ് ബാധിച്ചതായി സിഎബി പ്രസിഡന്‍റ് അവിഷേക് ഡാല്‍മിയയും സ്ഥിരീകരിച്ചു.
അതേസമയം ബംഗാളില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 4,536 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 344 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്.