മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പേസര്‍ പീറ്റര്‍ സിഡില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഇന്നലെ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ നാലാം ദിവസം കളി തുടങ്ങുന്നതിന് മുമ്പ് മെല്‍ബണില്‍ ടീം അംഗങ്ങള്‍ക്ക് മുന്നില്‍ വൈകാരികമായിട്ടായിരുന്നു പീറ്റര്‍ സിഡില്‍ വിരമിക്കല്‍ പ്രഖ്യാപനം .
ശരിയായ സമയം എന്താണെന്ന് അറിയാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. 67 ടെസ്റ്റുകള്‍. ഇതിലും വലിയ ഒരു അവസരം വേറെ എന്താണ്. എനിക്ക് വളരെ സന്തോഷവും സങ്കടവും തോന്നുന്ന നിമിഷങ്ങളാണിത്. ഞാന്‍ വളരെ കഴിവുള്ളവനായിരുന്നില്ല. പലപ്പോഴും ക്രിക്കറ്റില്‍ കൊച്ചു കുട്ടിയായിരുന്നു. അതുകൊണ്ട് തന്നെ കഠിനാധ്വാനം ചെയ്യേണ്ടി വന്നു. എന്നെക്കാള്‍ ചെറുപ്പക്കാര്‍ ടീമിലുണ്ട്. വിരമിക്കല്‍ ചടങ്ങില്‍ വികാര നിര്‍ഭരമായി അദ്ദേഹം ടീമിനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ അദ്ദേഹത്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇതാണോ പെട്ടെന്നുള്ള വിരമിക്കല്‍ പ്രഖ്യാപനത്തിന് കാരണമെന്ന് സിഡിലോ മറ്റ് ടീം അംഗങ്ങളോ വ്യക്തമാക്കിയിട്ടില്ല.
2008 ഒക്ടോബറിൽ മൊഹാലിയിൽ ഇന്ത്യയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ച അദ്ദേഹം 11 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനാണ് അദ്ദേഹം വിരാമമിടുന്നത്. ഓസ്‌ട്രേലിയയ്‌ക്കായി 67 ടെസ്റ്റുകൾ കളിച്ച സിഡിൽ 221 വിക്കറ്റുകൾ കീശയിലാക്കി. ഈ വർഷം ഇംഗ്ലണ്ടിൽ നടന്ന ആഷസിന്‍റെ അഞ്ചാം ടെസ്റ്റിലാണ് അദ്ദേഹം അവസാനമായി ഓസ്ട്രേലിയയ്ക്കായി കളിച്ചത്. ഓസ്ട്രേലിയയ്ക്കായി ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്നതില്‍ പതിമൂന്നാം സ്ഥാനത്താണ് സിഡിൽ. 2010 ൽ ബ്രിസ്ബെയ്നിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഹാട്രിക്ക് നേടി. കരിയറിന്‍റെ മധ്യകാലത്ത് പരിക്കിന്‍റെ പിടിയിലമര്‍ന്ന പേസര്‍ 2018 ഒക്ടോബറില്‍ തിരിച്ചു വരവ് നടത്തി.
ഓസ്‌ട്രേലിയക്കായി 20 ഏകദിനങ്ങള്‍ കളിച്ച സിഡില്‍ 17 വിക്കറ്റുകളാണ് ഇതുവരെ നേടിയത്. 2019 ജനുവരിയിൽ ഇന്ത്യയ്‌ക്കെതിരെയാണ് സിഡില്‍ അവസാനമായി പാഡണിഞ്ഞത്.