സിഡ്‌നി: വില്‍ പുകോവ്‌സ്‌കിയുടെ അഭാവത്തില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി ഓപ്പണറാകാന്‍ തയ്യാറാണെന്ന് സ്റ്റീവ് സ്‌മിത്ത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് മത്സരങ്ങള്‍ ഈ മാസം 17ന് അഡ്‌ലെയ്‌ഡില്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് സ്‌മിത്തിന്‍റെ പ്രതികരണം. ഇന്ത്യ എക്ക് എതിരായ സന്നാഹ മത്സരത്തിന്‍റെ മൂന്നാം ദിവസം പുകോവ്‌സ്‌കിക്ക് ബൗണ്‍സര്‍ കൊണ്ട് പരിക്കേറ്റിരുന്നു. പന്ത് ഹെല്‍മറ്റില്‍ പതിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് രണ്ടാമത്തെ സന്നാഹ മത്സരത്തില്‍ നിന്നും പുകോവ്‌സ്‌കിയെ ഒഴിവാക്കിയിരുന്നു.
ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള ഏകദിന പരമ്പരയിലാണ് നീണ്ട ഇടവേളക്ക് ശേഷം ആദ്യമായി അവസരം ലഭിച്ചത്. നിലവില്‍ താന്‍ മൂന്നാമനായാണ് ഓസ്‌ട്രേലിയക്ക് വേണ്ടി ബാറ്റ് ചെയ്യുന്നത്. തുടര്‍ന്നും മൂന്നാമനായും നാലാമനായും ബാറ്റ് ചെയ്യുന്നതില്‍ വിരോധമില്ല. ഇതിന് മുമ്പും താന്‍ ഈ ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് മൂന്നാമനായി ബാറ്റ് ചെയ്യുന്നത്. ചിലപ്പോള്‍ ആദ്യ ഓവറില്‍ തന്നെ ക്രീസില്‍ എത്തേണ്ടി വരും. മറ്റ് ചില സാഹചര്യങ്ങളില്‍ ടീമിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കേണ്ടി വരുമെന്നും സ്‌മിത്ത് പറഞ്ഞു. അതിനാല്‍ തന്നെ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ തയ്യാറാണ്.
കഴിഞ്ഞ സീസണിലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടീം ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. ഇത്തവണ ട്രോഫി തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആതിഥേയര്‍ ഇറങ്ങുന്നത്. നാല് മത്സരങ്ങളുള്ള പരമ്പര സോണി ടെന്‍ 3, സോണി സിക്‌സ് എന്നീ ചാനലുകളില്‍ തത്സമയം കാണാം.