ബാങ്കോക്ക് : ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്‌ച പുലർച്ചെ, ഓസ്‌ട്രേലിയൻ പതാകയിൽ പൊതിഞ്ഞ മൃതദേഹപേടകം തായ് പൊലീസ് ഫോറൻസിക് ഇൻസ്റ്റിറ്റൃൂട്ടിന്‍റെ ആംബുലൻസിലാണ് വിമാനത്താവളത്തില്‍ എത്തിച്ചത്.
തായ്‌ലാന്‍ഡില്‍ വോണ്‍ താമസിച്ച കോഹ് സാമൂയിയിലെ വില്ലയില്‍ നിന്ന് ഞായറാഴ്‌ച സുറത് താനിയില്‍ എത്തിച്ച മൃതദേഹം തിങ്കളാഴ്‌ച രാത്രി തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെത്തിച്ചശേഷം അവിടെ നിന്ന് മെല്‍ബണിലേക്ക് കൊണ്ടുപോവുകയായിരുന്നു.
എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന വോൺ, കഴിഞ്ഞ വെള്ളിയാഴ്‌ച തായ്‌ലാൻഡിലെ സാമുയി ദ്വീപിൽ സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് മരിച്ചത്. 52 കാരനായ വോണിന്‍റെ മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും ഹൃദയാഘാതം തന്നെയാണ് മരണ കാരണമെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് തായ് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ALSO READ: വനിത ലോക കപ്പ്: കിവീസിനെതിരെ ഇന്ത്യയ്‌ക്ക് 62 റണ്‍സിന്‍റെ തോല്‍വി
വോണിന്‍റെ സംസ്‌കാര ചടങ്ങുകള്‍ ഈ മാസം 30ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിന് സമീപം നടക്കും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും വോണിന്‍റെ സംസ്‌കാരമെന്ന് വിക്ടോറിയ സ്റ്റേറ്റ് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി.
അദ്ദേഹം ജനിച്ചതും വളർന്നതും മെൽബണിലാണ്. 1994-ൽ വോണിന്‍റെ പ്രസിദ്ധമായ ആഷസ് ഹാട്രിക്കിന്‍റെയും, 2006-ലെ ബോക്‌സിംഗ് ഡേയിലെ 700-ാം ടെസ്റ്റ് വിക്കറ്റിന്‍റെയും വേദിയായിരുന്നു എംസിജി. വോണിന്‍റെ ഏറ്റവും മികച്ച കായിക മുഹൂർത്തങ്ങൾക്ക് സാക്ഷിയായ എംസിജി മൈതാനമല്ലാതെ വോണിന് ഉചിതമായ വിട നല്‍കാന്‍ ലോകത്ത് മറ്റൊരിടമില്ല.