കൊളംബോ: ലങ്കന്‍ പര്യടനത്തിനിടെ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗം ക്രുണാല്‍ പാണ്ഡ്യയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എട്ട് ഇന്ത്യൻ താരങ്ങളുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവായി. എന്നാല്‍ ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ ഇവരാരും കളിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കൻ കളിക്കാരുടെ കാര്യത്തില്‍ ബുധനാഴ്ച രാവിലെ നടത്തുന്ന കൊവിഡ് പരിശോധനക്ക് ശേഷം മാത്രമേ തീരുമാനം പറയാനാവൂവെന്നാണ് ടീമിന്‍റെ മെഡിക്കല്‍ കമ്മിറ്റിയുടെ പ്രതികരണം.
ചുമയും തൊണ്ട വേദനയും അനുഭവപ്പെട്ടതായി ചൊവ്വാഴ്ച രാവിലെയാണ് ക്രുണാല്‍ ടീം മാനേജ്മെന്‍റിനെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ക്രുണാലുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ട എട്ട് താരങ്ങളോടും നിരീക്ഷണത്തില്‍ പോവാന്‍ ടീം മാനേജ്മെന്‍റ് നിർദേശിക്കുകയായിരുന്നു.
also read: ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചു; പന്തും ടീമിനൊപ്പം
നിലവില്‍ 20 കളിക്കാരും നാല് സ്റ്റാന്‍ഡ് ബൈ താരങ്ങളുമുള്‍പ്പെട്ട ഇന്ത്യന്‍ സംഘമാണ് ലങ്കയിലുള്ളത്. ഇതോടെ നിരീക്ഷണത്തിലുള്ള താരങ്ങളുടെ അഭാവത്തിലും ടീമിന് മത്സരത്തിനിറങ്ങാനാവും. അതേസമയം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ചയും, മൂന്നാം മത്സരം മുൻനിശ്ചയപ്രകാരം വ്യാഴാഴ്ചയും നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
ആദ്യ മത്സരം വിജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്. അതേസമയം കൊവിഡ് സ്ഥിരീകരിച്ച ക്രുണാലിന് ഇന്ത്യൻ ടീമിലെ മറ്റ് താരങ്ങള്‍ക്കൊപ്പം തിരികെ ഇന്ത്യയിലേക്ക് മടങ്ങാനാവില്ല. ശ്രീലങ്കയുടെ ആരോഗ്യ സുരക്ഷ പ്രോട്ടോക്കോളനുസരിച്ച് നിര്‍ബന്ധിത നിരീക്ഷണത്തിലാണ് താരമുള്ളത്. യാത്രയ്ക്കായി കൊവിഡ് പരിശോധന ഫലം നെഗറ്റീവാകേണ്ടതുണ്ട്. മറ്റ് താരങ്ങള്‍ ജൂലൈ 30ന് നാട്ടിലേക്ക് മടങ്ങും.