ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ പ്രതീക്ഷ പുലര്‍ത്തുന്ന ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ പൂജ വസ്‌ത്രാകറിനും, ബോളര്‍ മേഘ്‌ന സിങ്ങിനും കൊവിഡ് സ്ഥിരീകരിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവര്‍ക്കും മറ്റ് താരങ്ങള്‍ക്കൊപ്പം യുകെയിലേക്ക് യാത്ര ചെയ്യാനായിട്ടില്ല.
ലോ ഓര്‍ഡറില്‍ പവര്‍ഫുള്‍ ഹിറ്റുകള്‍ക്ക് പേരുകേട്ട വസ്‌ത്രാകര്‍ ബോളുകൊണ്ടും തിളങ്ങാന്‍ കഴിയുന്ന താരമാണ്. ഇതോടെ താരത്തിന്‍റെ അഭാവം ഇന്ത്യയുടെ പ്രകടനത്തെ ബാധിക്കുമെന്ന് ഉറപ്പായി. ബാക് അപ് ബോളറായാണ് മേഘ്‌ന ടീമില്‍ ഇടം പിടിച്ചത്. ഐസൊലേഷനിലുള്ള താരങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാനായാല്‍ യുകെയിലേക്ക് പറക്കാം. എന്നാല്‍ ആദ്യ രണ്ട് ലീഗ് മത്സരങ്ങൾ നഷ്‌ടമാകുമെന്നാണ് വിവരം.
കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് വനിത ക്രിക്കറ്റ് നടക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ടി20 ഫോര്‍മാറ്റില്‍ 2022 ജൂലൈ 29നാണ് മത്സരം നടക്കുക. രണ്ടാം മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ജൂലൈ 31നാണ് ഈ മത്സരം നടക്കുക. ബാര്‍ബഡോസാണ് സംഘത്തിന്‍റെ മറ്റൊരു എതിരാളി.