ബെംഗളൂരു: വിനാശകരമായ ബാറ്റിങ്ങിന്‍റെ പേരിലാണ് വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‌ല്‍ 'യൂണിവേഴ്‌സ് ബോസ്' എന്ന വിശേഷണം സ്വന്തമാക്കിയത്. കളിക്കളത്തില്‍ നേര്‍ക്കുനേരെത്തുമ്പോള്‍ ഏതൊരു ബോളറുടെ ചങ്കിലും ഭയപ്പാട് തീര്‍ക്കാന്‍ ഗെയ്‌ലിന് കഴിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിനപ്പുറം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെയുള്ള ലോകത്തിലെ വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റുകളില്‍ ഗെയ്‌ലിന്‍റെ ബാറ്റില്‍ നിന്നും റണ്ണൊഴുകിയിട്ടുണ്ട്.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായുള്ള പ്രകടനമാണ് ഗെയ്‌ലിന്‍റെ ഐപിഎല്‍ കരിയറിലെ ഹൈലൈറ്റുകളിലൊന്ന്. ബാംഗ്ലൂരിനായുള്ള വെടിക്കെട്ട് പ്രകടനത്തോടെയാണ് ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് ഗെയ്‌ല്‍ സ്വന്തമാക്കിയത്. 2013 സീസണില്‍ പുറത്താവാതെ 66 പന്തില്‍ 175 റണ്‍സടിച്ചായിരുന്നു ഗെയ്‌ല്‍ ചരിത്രം തീര്‍ത്തത്. 13 ഫോറുകളും 17 സിക്‌സുകളുമായിരുന്നു അന്ന് ഗെയ്‌ലിന്‍റെ ഇന്നിങ്‌സിന് അഴകായത്.
കളിക്കളത്തില്‍ ബാറ്റുകൊണ്ടുള്ള വീരശൂരപരാക്രമങ്ങൾക്കു പുറമേ, തന്‍റെ നൃത്ത വൈദഗ്ധ്യം കൊണ്ടും ആരാധകരെ രസിപ്പിക്കാന്‍ ഗെയ്‌ലിന് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ കളിക്കളത്തിലെ തന്‍റെ നൃത്തച്ചുവടുകളെക്കുറിച്ചും ബാംഗ്ലൂരിന്‍റെ ഡ്രസിങ് റൂമിൽ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ചിലവഴിച്ച സമയത്തെക്കുറിച്ചും വാചാലനായിരിക്കുകയാണ് 43കാരനായ താരം. ഒരു ഷോയിലാണ് ഗെയ്‌ലിന്‍റെ പ്രതികരണം.
"വിരാടിനും മറ്റ് കളിക്കാര്‍ക്കുമൊപ്പം ഡ്രസിങ് റൂം പങ്കിടുന്നത് ഏറെ രസകരമാണ്. തമാശകളും ഡാന്‍സും ഒക്കെ നിറയുന്ന അവിടെ ഞാന്‍ ഏറെ ആഹ്ലാദഭരിതനായിരുന്നു. ഞാന്‍ ചില സ്‌റ്റപ്പൊക്കെ കാണിക്കും. അതില്‍ നിന്നും വിരാടിന്‍റെ കഴിവുകള്‍ എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു. അവന് ശരിയായ രീതിയില്‍ എന്‍റെ ചലനങ്ങള്‍ പിന്തുടരാന്‍ കഴിയും. എന്നാല്‍ ഒരു കാര്യമുണ്ട്. കളിക്കുന്നത് ഇന്ത്യന്‍ ഡാന്‍സാണെങ്കിലും കരീബിയന്‍ ഡാന്‍സാണെങ്കിലും വിജയിക്കുക ക്രിസ് ഗെയ്‌ല്‍ തന്നെയാവും". വെസ്‌റ്റ്‌ഇന്‍ഡീസ് മുന്‍ താരം പറഞ്ഞു.
2011 മുതല്‍ 2017വരെയാണ് ഗെയ്‌ല്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ചിട്ടുള്ളത്. 91 മത്സരങ്ങളിൽ നിന്ന് 154-ലധികം സ്‌ട്രൈക്ക് റേറ്റിൽ 3,420 റൺസാണ് താരം ഫ്രാഞ്ചൈസിക്കായി നേടിയത്. അഞ്ച് സെഞ്ചുറികളും 21 അർധ സെഞ്ചുറികളും ഉള്‍പ്പെടെയാണ് ഗെയ്‌ലിന്‍റെ പ്രകടനം.
2013 സീസണില്‍ ബാംഗ്ലൂരിനായുള്ള ഗെയ്‌ലിന്‍റെ പ്രകടനം എടുത്തുപറയേണ്ടതാണ്. 16 മത്സരങ്ങളില്‍ നിന്നും 708 റണ്‍സായിരുന്നു താരം അടിച്ചെടുത്തത്. അതേസമയം ഐപിഎല്ലിന് മുന്നോടിയായുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ അൺബോക്‌സ് ഇവന്‍റിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ശനിയാഴ്‌ച താരം ബെംഗളൂരുവിലെത്തിയിരുന്നു.
ഗെയ്‌ലിനെ തങ്ങളുടെ ഹാൾ ഓഫ് ഫെയിമിൽ ഉള്‍പ്പെടുത്തുന്നുവെന്നതായി ഫ്രാഞ്ചൈസി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഗെയ്‌ലിനെ കൂടാതെ ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം എബി ഡിവില്ലിയേഴ്‌സിനേയും ആര്‍സിബി ഹാൾ ഓഫ് ഫെയിമിൽ ഉള്‍പ്പെടുത്തിയിരുന്നു. താരങ്ങളോടുള്ള ആദരസൂചകമായി ഇരുവരും ധരിച്ചിരുന്ന ജഴ്‌സി നമ്പറുകള്‍ ആര്‍സിബി എന്നെന്നേക്കുമായി പിന്‍വലിക്കുകയും ചെയ്‌തു. 333 എന്ന ജഴ്‌സി നമ്പറിലായിരുന്നു ക്രിസ് ഗെയ്‌ല്‍ ആര്‍സിബിക്കായി കളിച്ചത്. 17-ാം നമ്പര്‍ ജഴ്‌സിയായിരുന്നു ഡിവില്ലിയേഴ്‌സിന്‍റേത്.
ALSO READ: IPL 2023: കിരീടം തേടി രാജാക്കന്മാര്‍; ധവാന് കീഴില്‍ പഞ്ചാബ് കിങ്‌സിന് പ്രതീക്ഷയേറെ