ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമാണ് വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാരയ്‌ക്ക് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തേക്കുള്ള വഴി തുറന്നത്. മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്‌തനായിരുന്ന താരം പ്രോട്ടീസിനെതിരായ മൂന്ന് ടെസ്റ്റുകളിലും കളിച്ചിരുന്നു. എന്നാല്‍ ആറ് ഇന്നിങ്സുകളില്‍ നിന്നായി വെറും 124 റൺസ് മാത്രമായിരുന്നു താരത്തിന്‍റെ സമ്പാദ്യം.
ഇതോടെ ഫോം തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ പുജാരയോട് രഞ്‌ജി ട്രോഫി കളിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ രഞ്ജിയില്‍ സൗരാഷ്ട്രയ്ക്ക് വേണ്ടി കളിച്ച പൂജാരയ്‌ക്ക് രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് നേടാനായത്. മുംബൈയ്‌ക്കെതിരെ 91 റൺസും ഗോവയ്‌ക്കെതിരെ പുറത്താകാതെ 64 റൺസുമായിരുന്ന സീസണിലെ താരത്തിന്‍റെ മികച്ച പ്രകടനം. തുടര്‍ന്ന് ശ്രീലങ്കയ്‌ക്കെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ നിന്നും താരം പുറത്താവുകയും ചെയ്‌തു.
ഇതിന് പിന്നാലെ ബിസിസിഐയുടെ പുതിയ വാര്‍ഷിക കരാര്‍ പട്ടികയിൽ നിന്നും താരത്തെ തരം താഴ്‌ത്തിയിരുന്നു. വാര്‍ഷിക പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ എ ഗ്രേഡ് താരമായിരുന്ന പുജാരയെ ബി ഗ്രേഡിലേക്കാണ് ബിസിസിഐ താഴ്‌ത്തിയത്.
കൗണ്ടിയിലെ ഉയര്‍ത്തെഴുന്നേല്‍പ്പ്:
ഇതോടെ ഇന്ത്യന്‍ ടീമിലെക്കുള്ള താരത്തിന്‍റെ തിരിച്ച് വരവ് പ്രയാസകരമാണെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തിയത്. എന്നാല്‍ ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ മിന്നുന്ന പ്രകടത്തോടെ ദേശീയ ടീമിലെ തന്‍റെ ഇടം തിരിച്ച് പിടിച്ചിരിക്കുകയാണ് 34കാരനായ താരം. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്കാണ് പുജാര മടങ്ങിയെത്തിയത്.
കൗണ്ടിയില്‍ സസെക്‌സിനായി അഞ്ച് ഡിവിഷൻ മത്സരങ്ങളിൽ നിന്ന് 720 റൺസാണ് താരം അടിച്ചെടുത്തത്. രണ്ട് ഇരട്ട സെഞ്ചുറിയും രണ്ട് സെഞ്ചുറികളും ഉള്‍പ്പെടെയായിരുന്നു പൂജാരയുടെ പ്രകടനം. ഇതോടെ ഫോം താല്‍ക്കാലികമാണെന്നും ക്ലാസ് സ്ഥിരതയുള്ളതാണെന്നും ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് താരം. ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്ന് പുജാര പ്രതികരിച്ചു. കൗണ്ടിയിലെ തന്‍റെ പ്രകടനം അംഗീകരിക്കപ്പെട്ടതില്‍ ആഹ്ലാദമുണ്ടെന്നും പുജാര പറഞ്ഞു.
തയ്യാറെടുപ്പുകള്‍ക്കായി കാത്തിരിക്കുന്നു: കൗണ്ടിയിലെ അനുഭവങ്ങള്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നതായും പുജാര പ്രതികരിച്ചു. ''എല്ലായ്‌പ്പോഴും എന്ന പോലെ, പര്യടനത്തിന് മുന്നോടിയായി തയ്യാറെടുപ്പിനും പരിശീലനത്തിനും വേണ്ടി കാത്തിരിക്കുകയാണ്, ഇന്ത്യൻ ടീമിന് തുടർന്നും സംഭാവന നൽകാനാവുമെന്ന് പ്രതീക്ഷിക്കുന്നു'' പുജാര കൂട്ടിച്ചേര്‍ത്തു.
also read: ഇന്ത്യന്‍ ടീമില്‍ സഞ്‌ജു വേണമായിരുന്നുവെന്ന് ഹര്‍ഷ ഭോഗ്‌ലെ
ഇന്ത്യയ്ക്കായി ഇതേവരെ 95 ടെസ്റ്റുകളിൽ നിന്ന് 43.87 ശരാശരിയിൽ 6713 റൺസാണ് താരം നേടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ കൊവിഡിനെ തുടര്‍ന്ന് മാറ്റിവെച്ച അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തിനായാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ അഞ്ച് വരെ ബർമിങ്ഹാമിലാണ് മത്സരം നടക്കുക.