ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ചേതേശ്വർ പുജാര സെഞ്ച്വറിക്കരികെ പുറത്തായിരുന്നു. 203 പന്തിൽ 90 റണ്‍സ് നേടിയ താരത്തിന്‍റെ പ്രകടനമാണ് തകർച്ചയിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യൻ ടീമിനെ താങ്ങി നിർത്തിയത്. ഒരു കാലത്ത് ടെസ്റ്റ് ടീമിൽ ഇന്ത്യയുടെ നട്ടെല്ലായിരുന്ന താരം ഒരു സെഞ്ച്വറി നേടിയിട്ട് നാല് വർഷത്തോളമായി. ഇപ്പോൾ ഇന്നത്തെ മത്സരത്തിൽ സെഞ്ച്വറി നേടാത്തതിൽ വിഷമമില്ലെന്നും പ്രകടനത്തിൽ താൻ സന്തുഷ്‌ടനാണെന്നും വ്യക്‌തമാക്കിയിരിക്കുകയാണ് പൂജാര.
ബാറ്റ് ചെയ്യാൻ വളരെ പ്രയാസമേറിയ പിച്ചായിരുന്നു അത്. അതിനാൽ ഇന്ന് ബാറ്റ് ചെയ്‌ത രീതിയിൽ ഞാൻ ശരിക്കും സന്തുഷ്‌ടനാണ്. ചില ഘട്ടത്തിൽ മൂന്ന് അക്കത്തിലുള്ള റണ്‍സ് നേടുന്നതിനെക്കാൾ ടീമിനെ വിജയകരമായ അവസ്ഥയിൽ എത്തിക്കുന്നതിനാണ് പ്രധാനം. മൂന്നക്ക നമ്പർ ലഭിക്കാത്തതിൽ വിഷമമില്ല. ഞാൻ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ഇതുപോലെ മുന്നോട്ട് പോയാല്‍ സെഞ്ച്വറി നേടാനാകും.
ഞങ്ങൾക്ക് ടീം സ്‌കോർ ഉയർത്തേണ്ടതായുണ്ടായിരുന്നു. ശ്രേയസിനൊപ്പവും, റിഷഭ് പന്തിനൊപ്പവുമുള്ള എന്‍റെ കൂട്ടുകെട്ട് പ്രധാനമായിരുന്നു. കാരണം ഞങ്ങളുടെ മൂന്ന് വിക്കറ്റ് അതിനകം നഷ്‌ടപ്പെട്ടിരുന്നു. നാല് അല്ലെങ്കിൽ അഞ്ച് വിക്കറ്റ് എന്ന നിലയിൽ മത്സരം അവസാനിപ്പിച്ചിരുന്നെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകുമായിരുന്നു. ആദ്യ ഇന്നിങ്‌സിൽ 350 റണ്‍സിലധികം നേടാനായാൽ ഈ പിച്ചിൽ അത് ഞങ്ങൾക്ക് വലിയ മുൻതൂക്കം നൽകും, പുജാര പറഞ്ഞു.
അതേസമയം മത്സരത്തിന്‍റെ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 278 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 82 റണ്‍സുമായി ശ്രേയസ് അയ്യരാണ് ക്രീസിൽ. കെഎൽ രാഹുൽ (22), ശുഭ്‌മാൻ ഗിൽ(20), വിരാട് കോലി(1), റിഷഭ് പന്ത്(46) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോറുകൾ.