മുംബൈ: ഐപിഎല്ലിന്‍റെ പുതിയ സീസണ്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്നെ മാത്രമാണ് എംഎസ് ധോണി രവീന്ദ്ര ജഡേജയ്‌ക്ക് നായക സ്ഥാനം കൈമാറിയത്. ജഡേജയ്‌ക്ക് കീഴില്‍ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ ചെന്നൈക്ക് കഴിഞ്ഞിരുന്നില്ല. കളിച്ച എട്ട് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് സംഘത്തിന് നേടാനായത്.
നായക സ്ഥാനത്തിനൊപ്പം കളിക്കാരനെന്ന നിലയിലും ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ നിറം മങ്ങിയിരുന്നു. എട്ട് മത്സരങ്ങളില്‍ നിന്നും 112 റണ്‍സും അഞ്ച് വിക്കറ്റും മാത്രമാണ് താരത്തിന് നേടാനായത്. ഇതോടെ ഏവരെയും ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ചെന്നൈയുടെ നായക സ്ഥാനം മുന്‍ നായകന്‍ ധോണിക്ക് ജഡേജ തിരികെ നല്‍കിയത്.
കളിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്, ടീമിന്‍റെ വിശാലതാല്‍പര്യം കണക്കിലെടുത്താണ് ജഡേജ നായകസ്ഥാനം ഒഴിയുന്നതെന്നാണ് മാനേജ്‌മെന്‍റ് പ്രസ്‌തനയില്‍ അറിയിച്ചത്. എന്നാല്‍ നായക സ്ഥാനം ഒഴിയുന്നതിനായി ജഡേജയ്‌ക്ക് സമ്മര്‍ദങ്ങളുണ്ടായിരുന്നു എന്നാണ് മാനേജ്‌മെന്‍റിനകത്ത് നിന്ന് തന്നെ ലഭിക്കുന്ന റിപ്പോര്‍ട്ട്.
നയം മാറ്റി ശ്രീനിവാസന്‍?: "അവർ എങ്ങനെ വിജയിച്ചുവെന്ന് ഞാൻ ചോദിക്കുന്നില്ല, എന്തുകൊണ്ടാണ് അവർ തോറ്റതെന്ന് അവരോട് ചോദിക്കാനും ഞാന്‍ ഉദ്ദേശിക്കുന്നില്ല"- ചെന്നൈയുടെ മോശം പ്രകടനത്തിനിടെ ഉടമ എൻ ശ്രീനിവാസന്‍റെ പ്രതികരണമാണിത്.
ക്യാപ്റ്റൻ എംഎസ് ധോണിക്ക് പൂർണ്ണ അധികാരം നൽകി, ക്രിക്കറ്റ് കാര്യങ്ങളിൽ ഇടപെടില്ലെന്ന തന്‍റെ മുന്‍ നയത്തില്‍ ജഡേജയെത്തിയപ്പോഴും മാറ്റമുണ്ടായിട്ടില്ല എന്നുറപ്പിക്കാനായിരുന്നു ഇതുവഴി ശ്രീനിവാസന്‍ ലക്ഷ്യം വെയ്‌ച്ചത്. എന്നാല്‍ നായകസ്ഥാനത്ത് വീണ്ടും ധോണിയെത്തുന്നത് ഇരുതാരങ്ങളും തമ്മിലുള്ള പരസ്പര ക്രമീകരണമല്ലെന്നാണ് മാനേജ്‌മെന്‍റിന്‍റെ ഭാഗമായ ഒരാള്‍ പറയുന്നത്.
''മാനേജ്‌മെന്‍റ് പറഞ്ഞു, ഞങ്ങൾ അംഗീകരിച്ചു'': ശനിയാഴ്ച വൈകുന്നേരമാണ് നായക സ്ഥാനം ധോണിക്ക് തിരികെ നല്‍കുന്നത് സംബന്ധിച്ച തീരുമാനമെടുത്തതെന്നാണ് ഫ്രാഞ്ചൈസി സിഇഒ കാശി വിശ്വനാഥൻ അറിയിച്ചത്. “ടീം മാനേജ്‌മെന്‍റ് ഇത് ഞങ്ങളെ അറിയിച്ചു, ഞങ്ങൾ അംഗീകരിച്ചു,” കാശി വിശ്വനാഥൻ പറഞ്ഞു.
പ്രസ്‌താനയിലെ ചില കാര്യങ്ങള്‍ ശരിയാണെങ്കിലും, അതത്ര ലളിതമല്ലെന്ന് തന്നെയാണ് ഉറവിടം വ്യക്തമാക്കുന്നത്. നാല് തവണ ചാമ്പ്യൻമാരായ ടീം ഓരോ കളിയും തോൽക്കുമ്പോൾ മിണ്ടാതിരിക്കാൻ മാനേജ്‌മെന്‍റ് ആഗ്രഹിച്ചില്ലെന്ന വ്യക്തമായ സൂചനകളും അദ്ദേഹം നല്‍കുന്നു.
നേതൃത്വത്തിലല്ല, മോശം ഫോമില്‍ ആശങ്ക: നയകസ്ഥാനം കൈമാറാന്‍ ജഡേജയ്‌ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും, കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ധോണിയെ നായകനായി തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജഡേജയുടെ മോശം നേതൃത്വത്തിലല്ല, മറിച്ച് മോശം ഫോമിലായിരുന്നു മാനേജ്‌മെന്‍റിന് പ്രധാന ആശങ്കയെന്നും അദ്ദേഹം വ്യക്തമാക്കി.
"ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ, തന്‍റെ ഏറ്റവും മികച്ച പ്രകടനം നടത്തുന്നില്ലെന്നത് കാണുമ്പോള്‍ മാനേജ്‌മെന്‍റിന് മിണ്ടാതിരിക്കാന്‍ കഴിയില്ല. വ്യക്തമായും, ക്യാപ്റ്റൻസിയുടെ സമ്മര്‍ദം ജഡേജയെ ബാധിച്ചിരുന്നു. വർഷങ്ങളായി ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ച ജഡേജ, ഈ സീസണിൽ വലിയ തോതിൽ താഴെയാണുള്ളത്. അവൻ ക്യാച്ചുകൾ പോലും കൈവിടാന്‍ തുടങ്ങി". അദ്ദേഹം പറഞ്ഞു.