ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ (Jasprit Bumrah). ആദ്യ രണ്ട് മത്സരങ്ങളിലും ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ച താരം ഇതുവരെ ആറ് വിക്കറ്റുകള്‍ നേടി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ പത്തോവര്‍ പന്തെറിഞ്ഞ ബുംറ 35 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്.
ഇന്നലെ (ഒക്‌ടോബര്‍ 11) നടന്ന ഇന്ത്യയുടെ രണ്ടാം മത്സരത്തിലും പന്തുകൊണ്ട് മികവ് കാട്ടാന്‍ ബുംറയ്‌ക്കായി. ഡല്‍ഹിയിലും പത്തോവര്‍ പന്തെറിഞ്ഞ താരം 39 റണ്‍സ് വഴങ്ങി നാല് വിക്കറ്റായിരുന്നു നേടിയത്. പരിക്കിനെ തുടര്‍ന്ന് ഏറെ നാള്‍ കളിക്കളത്തിന് പുറത്തായിരുന്ന താരത്തിന് ലോകകപ്പില്‍ മികവിലേക്ക് ഉയരാന്‍ സാധിക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കിടയിലുണ്ടായിരുന്നു.
എന്നാല്‍, ഓരോ മത്സരങ്ങളിലൂടെയും ആ ആശങ്കകള്‍ മാറ്റുകയാണ് ബുംറ. ലോകകപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരം പാകിസ്ഥാനെതിരെയാണ്. ആദ്യ കളികളിലെ മികവ് ഈ മത്സരങ്ങളിലും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍.
'ഒരു മത്സരത്തിന്‍റെ ഫലത്തെ അടിസ്ഥാനമാക്കിയല്ല ഞാന്‍ എന്‍റെ പ്രകടനങ്ങള്‍ വിലയിരുത്തുന്നത്. ഒരു കളിയില്‍ നാല് വിക്കറ്റ് നേടിയതുകൊണ്ട് എന്തെങ്കിലും വലിയ കാര്യമാണ് ചെയ്‌തതെന്നും ചിന്തിക്കാറില്ല. അതിന് പകരം അടുത്ത മത്സരത്തിനായി തയ്യാറാകുകയാണ് ചെയ്യുന്നത്. എനിക്ക് ശരിയാണെന്ന് തോന്നുന്ന പ്രക്രിയകള്‍ ആയിരിക്കും ഞാന്‍ ചെയ്യുക. ഒരു പിച്ചിനെ കുറിച്ച് മനസിലാക്കാനും അവിടെ മികച്ച രീതിയില്‍ പന്തെറിയാനുമായിരിക്കും എന്‍റെ ശ്രമം'- അഫ്‌ഗാനിസ്ഥാനെതിരായ മത്സരശേഷം ബുംറ പറഞ്ഞു. പാകിസ്ഥാനെ നേരിടുന്നതിനായി അഹമ്മദാബാദില്‍ എത്തിയാല്‍ ആദ്യം തന്‍റെ അമ്മയെ കാണാന്‍ വേണ്ടിയാകും പോവുകയെന്നും ജസ്പ്രീത് ബുംറ അഭിപ്രായപ്പെട്ടു (Jasprit Bumrah in Post Match Interaction).
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആദ്യ ഏകദിന മത്സരത്തിന് ഇറങ്ങാനുള്ള ഒരുക്കത്തിലാണ് ജസ്പ്രീത് ബുറ. ഇതുവരെ ഒരു ടെസ്റ്റ് മത്സരം മാത്രമാണ് താരം അഹമ്മദാബാദില്‍ ഇന്ത്യയ്‌ക്കായി കളിച്ചിട്ടുള്ളത്. പാകിസ്ഥാനെതിരെ കളത്തിലിറങ്ങാന്‍ ആവേശത്തോടെ താന്‍ കാത്തിരിക്കുകയാണെന്നും ബുംറ കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ അവിടെ ഒരു ടെസ്റ്റ് മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. പാകിസ്ഥാനെതിരെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഏറെ ആവേശം നിറഞ്ഞതായിരിക്കും. നിരവധി ആളുകളായിരിക്കും ആ മത്സരം കാണാന്‍ എത്തുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്' - ജസ്പ്രീത് ബുംറ പറഞ്ഞു.