സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പങ്കെടുക്കാനായി ഓസീസ് ഇടം കയ്യന്‍ ഓപ്പണിങ് ബാറ്റര്‍ ഉസ്‌മാന്‍ ഖവാജ ഇന്ത്യയിലേക്ക് തിരിച്ചു. വിസ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം ഖവാജ ഉണ്ടായിരുന്നില്ല. യാത്രയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് പിന്നാലെ താരം ഇന്നാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്.
- " class="align-text-top noRightClick twitterSection" data="
">
താന്‍ ഇന്ത്യയിലേക്ക് വരുന്നു എന്ന് കുറിച്ചുകൊണ്ട് ഉസ്‌മാന്‍ ഖവാജ തന്നെ സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ തന്‍റെ ചിത്രം പങ്ക് വച്ചിരുന്നു. 'ഇന്ത്യ, മെഹ് ആരാ ഹൂൻ' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്ക് വച്ചത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ടെസ്റ്റ് താരത്തിനുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഷെയ്‌ന്‍ വോണ്‍ പുരസ്‌കാരം ഖവാജയാണ് സ്വന്തമാക്കിയത്.
ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി ഖവാജ സഹതാരങ്ങള്‍ക്കൊപ്പം സിഡ്‌നിയില്‍ ജനുവരി 30ന് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പങ്കെടുക്കാന്‍ രണ്ട് ബാച്ചുകളിലായി ഓസീസ് സംഘം ഇന്ത്യയിലേക്ക് പറന്നത്. ഇതില്‍ രണ്ടാമത്തെ ബാച്ചിനൊപ്പം ഇന്ത്യയിലേക്ക് വരേണ്ടിയിരുന്ന ഖവാജയ്‌ക്ക് വിസ പ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് യാത്ര മാറ്റിവെയ്‌ക്കേണ്ടി വരികയായിരുന്നു.
പാകിസ്ഥാന്‍ വംശജനായ ഖവാജ 56 ടെസ്റ്റ്, 40 ഏകദിനം, 9 ടി20 മത്സരങ്ങളിലാണ് ഓസ്‌ട്രേലിയന്‍ ജേഴ്‌സി അണിഞ്ഞിട്ടുള്ളത്. ഈ അതേസമയം ഈ മാസം 9 മുതലാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പര ആരംഭിക്കുന്നത്. നാല് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഫെബ്രുവരി 9-13 തീയതികളിലായി നാഗ്‌പൂരിലാണ് ആദ്യ മത്സരം. 17-21 തീയതികളില്‍ ഡല്‍ഹിയില്‍ രണ്ടാം മത്സരം നടക്കും. മൂന്നാം മത്സരം മാര്‍ച്ച് 1-5 തീയതികളില്‍ ധര്‍മശാലയില്‍ വച്ചും അവസാന മത്സരം അഹമ്മദാബാദില്‍ 9-13 തീയതികളിലുമായി ആണ് നടക്കുക.
ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ യോഗ്യത ഉറപ്പാക്കാന്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്. പോയിന്‍റ് പട്ടികയില്‍ ഒന്നാമതുളള കങ്കാരുപ്പട ഇതിനോടകം തന്നെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരാട്ടത്തില്‍ ഒരു സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
Also Read: ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ നിന്നും ശ്രേയസ് അയ്യര്‍ പുറത്ത്; ഗില്‍ മധ്യനിരയിലേക്ക്?