ഇൻഡോര്‍ : ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്ന ശുഭ്‌മാന്‍ ഗില്ലിന് ഇന്‍ഡോറിലാണ് അവസരം ലഭിച്ചത്. പക്ഷേ തന്‍റെ മികച്ച പ്രകടനം നടത്താനാവാതെയാണ് താരം തിരികെ കയറിയത്. 18 പന്തില്‍ 21 റണ്‍സെടുത്ത ഗില്ലിനെ ഓസീസ് സ്‌പിന്നര്‍ മാത്യു കുഹ്‌നെമാന്‍ സ്റ്റീവന്‍ സ്‌മിത്തിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.
എന്നാല്‍ മൈതാനത്തുവച്ചുള്ള ഗില്ലിന്‍റെ ഒരു പ്രവൃത്തിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ സുനിൽ ഗവാസ്‌കര്‍. ഓവറിന്‍റെ മധ്യത്തിൽ ഫിസിയോയെ വിളിച്ച ഗില്ലിന്‍റെ നടപടിയാണ് ഗവാസ്‌കറെ പ്രകോപിപ്പിച്ചത്. ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ ഏഴാം ഓവറിലാണ് സംഭവം നടന്നത്.
കാമറൂൺ ഗ്രീനിന്‍റെ നാലാം പന്തിൽ സിംഗിളിനായി ഓടിയ ഗില്‍ ഡൈവ് ചെയ്‌താണ് ക്രീസിൽ കൃത്യസമയത്ത് എത്തിയത്. ഡൈവ് ചെയ്‌തപ്പോള്‍ താരത്തിന്‍റെ അടിവയറിന് താഴെ ചെറിയ പോറലേല്‍ക്കുകയും ചെയ്‌തിരുന്നു. ഗില്‍ ഫിസിയോയുടെ സഹായം ആവശ്യപ്പെട്ടതോടെ മത്സരം താത്‌കാലികമായി നിർത്തുകയും ചെയ്തിരുന്നു.
എന്നാല്‍ വൈദ്യസഹായത്തിനായി ഓവറിന്‍റെ അവസാനം വരെ ഗില്‍ കാത്തിരിക്കണമെന്നാണ് കമന്‍ററി ബോക്‌സിലുണ്ടായിരുന്ന ഗവാസ്‌കര്‍ പറഞ്ഞത്. "ശുഭ്‌മാൻ ഗില്ലിന് ചെറിയ പോറലേറ്റതായി കാണുന്നു. കൃത്യസമയത്ത് ക്രീസിലെത്താനാണ് അവന്‍ ഡൈവ് ചെയ്തത്. പക്ഷേ, ഫിസിയോയെ വിളിക്കാന്‍ അവന്‍ ഈ ഓവറിന്‍റെ അവസാനം വരെ കാത്തിരിക്കണമായിരുന്നു എന്നാണ് എനിക്ക് പറയാനുള്ളത്.
ഒരു ഫാസ്റ്റ് ബോളറാണ് പന്തെറിയുന്നത്. ഓവറിലെ നാല് പന്തുകള്‍ ഇതിനകം അവന്‍ എറിഞ്ഞുകഴിഞ്ഞു. വളറെ ചൂടേറിയ കാലാസ്ഥയാണിത്. ഫിസിയോ വന്നത് ബോളര്‍ക്ക് വിശ്രമത്തിന് അവസരം നല്‍കി.
നിങ്ങള്‍ക്ക് പരിക്കേറ്റുവെന്നത് ശരി തന്നെയാണ്. പക്ഷേ രണ്ട് ബോളുകള്‍ കൂടി കാത്തിരുന്ന് ഓവര്‍ പൂര്‍ത്തിയാക്കാമായിരുന്നു. അതിന് ശേഷം നിങ്ങള്‍ക്ക് ഫിസിയോയെ വിളിക്കാമായിരുന്നു. അവന്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലായിരുന്നു. ലളിതമായ കാര്യങ്ങൾക്ക് മാറ്റമുണ്ടാക്കാൻ കഴിയും' - ഗവാസ്‌കര്‍ പറഞ്ഞു.
ALSO READ: WATCH: നിര്‍ഭാഗ്യത്തിന്‍റെ അങ്ങേയറ്റം; ശ്രേയസിന്‍റെ വിക്കറ്റില്‍ തലയില്‍ കൈവച്ച് ആരാധകര്‍
എന്നാല്‍ കമന്‍ററി ബോക്‌സിലുണ്ടായിരുന്ന മാത്യു ഹെയ്‌ഡൻ ഗവാസ്‌കറുടെ വാക്കുകള്‍ കടുത്തതാണെന്നും, ഗവാസ്‌കര്‍ ഒരു പരുക്കനായ മനുഷ്യനാണെന്നുമാണ് പ്രതികരിച്ചത്. പക്ഷേ തന്‍റെ നിലപാടിൽ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ചെയ്‌തത്.
"നിങ്ങൾ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. രണ്ട് പന്തുകള്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അവന്‍ നോൺ-സ്‌ട്രൈക്കിങ് എന്‍ഡിലാണെന്ന് ഓര്‍ക്കണം. സ്‌ട്രൈക്ക് ചെയ്യുകയാണെങ്കില്‍ അസ്വസ്ഥത അനുഭവപ്പെടുന്നത് എനിക്ക് മനസിലാവും. രണ്ട് പന്തുകള്‍ക്ക് ശേഷം അവനത് ചെയ്യാമായിരുന്നു" - സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.