ഇന്‍ഡോര്‍ : ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഓസീസിനെ എറിഞ്ഞിട്ടത് ഇന്ത്യന്‍ സ്‌പിന്നര്‍മാരാണ്. ഓസീസിന്‍റെ 40 വിക്കറ്റുകളില്‍ 31 എണ്ണവും ഇന്ത്യന്‍ സ്‌പിന്‍ ജോഡിയായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് വീഴ്‌ത്തിയത്. പരമ്പരയ്‌ക്ക് ഇറങ്ങും മുമ്പ് അശ്വിനേയും ജഡേജയേയും നേരിടാന്‍ പ്രത്യേക പരിശീലനമായിരുന്നു ഓസീസ് ബാറ്റര്‍മാര്‍ നടത്തിയത്.
എന്നാല്‍ കളിക്കളത്തില്‍ ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ക്ക് മുന്നില്‍ താളം കണ്ടെത്താന്‍, പേരുകേട്ട ഓസീസ് ബാറ്റിങ് നിരയ്‌ക്ക് കഴിയാതെ വന്നു. സ്വീപ്പ് ഷോട്ടുകളെ അമിതമായി ആശ്രയിക്കുന്നതായിരുന്നു കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഓസീസ് ബാറ്റര്‍മാര്‍ക്ക് വലിയ തിരിച്ചടി നല്‍കിയത്. മാര്‍ച്ച് ഒന്നിന് ഇന്‍ഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുക.
ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന് അസൂയാവഹമായ റെക്കോഡുള്ള പിച്ചാണിത്. ഇവിടെ കളിച്ച രണ്ട് ടെസ്റ്റുകളില്‍ നിന്നും 18 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്‌ത്തിയിട്ടുള്ളത്. ഇതോടെ താരത്തിനെതിരെ സ്വീപ്പ് ഷോട്ടുകൾ കളിക്കുന്നതിലെ അപകട സാധ്യത തങ്ങളുടെ തന്ത്രങ്ങളില്‍ പുനർവിചിന്തനം നടത്താന്‍ ഓസീസിനെ പ്രേരിപ്പിച്ചുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.
ഇന്‍ഡോര്‍ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന സെഷനില്‍ സ്വീപ്പ് ഷോട്ടിന് പകരം, സ്പിന്നർമാരെ ഫ്രണ്ട്-ഫൂട്ടില്‍ പ്രതിരോധിക്കുന്നതിലാണ് ഓസീസ് ബാറ്റര്‍മാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഓസീസ് ഓപ്പണര്‍ ഉസ്മാൻ ഖവാജയും വൈസ് ക്യാപ്റ്റന്‍ സ്‌റ്റീവ് സ്മിത്തും സ്‌പിന്നര്‍മാരായ നഥാൻ ലിയോണിനും മാത്യു കുഹ്‌നെമാനും എതിരെ ഒരു മണിക്കൂറിലധികമാണ് നെറ്റ്സില്‍ ബാറ്റ് ചെയ്‌തത്.
തങ്ങളുടെ പ്രതിരോധം ഉറപ്പിക്കാൻ ഖവാജയും സ്‌മിത്തും തീരുമാനിച്ചതോടെ ലിയോണും കുഹ്‌നെമാനും ചേര്‍ന്ന് ഇരുവരേയും പ്രയാസപ്പെടുത്തിയിരുന്നു. ഒരേ ഷോട്ടിന് ശ്രമിച്ച് നാല് തവണ പുറത്തായതോടെ ഖവാജ പിന്നീട് സ്വീപ്പ് ഷോട്ട് കളിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണുണ്ടായത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരിയുടേയും സ്ഥിതി സമാനമായിരുന്നു.
ഇന്‍ഡോറില്‍ സ്‌മിത്ത് നയിക്കും : പാറ്റ് കമ്മിന്‍സിന്‍റെ അഭാവത്തില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ സ്‌റ്റീവ് സ്‌മിത്താവും ഓസീസിനെ നയിക്കുക. ഡല്‍ഹി ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ അസുഖ ബാധിതയായി ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാന്‍ നാട്ടിലേക്ക് മടങ്ങിയ നായകന്‍ പാറ്റ് കമ്മിന്‍സ് മടങ്ങിവരില്ലെന്ന് അറിയിച്ചിട്ടുണ്ട്.
താന്‍ കുടുംബത്തിനൊപ്പമുണ്ടാവേണ്ട സമയമാണിതെന്ന് 29കാരനായ കമ്മിന്‍സ് പ്രസ്‌താവനയില്‍ അറിയിച്ചിരുന്നു. "ഇപ്പോൾ കുടുംബത്തോടൊപ്പം ഇവിടെയുള്ളതാണ് ഏറ്റവും നല്ലതെന്ന് എനിക്ക് തോന്നുന്നു. അതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടെന്ന തീരുമാനത്തിലാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയയിൽ നിന്നും ടീമംഗങ്ങളിൽ നിന്നും ലഭിച്ച മികച്ച പിന്തുണയ്‌ക്ക് നന്ദി പറയുന്നു" - കമ്മിന്‍സ് പറഞ്ഞു.
പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് 33കാരനായ സ്‌മിത്തിന് രണ്ട് വര്‍ഷത്തെ ക്യാപ്റ്റന്‍സി വിലക്കുണ്ടായിരുന്നു. ടിം പെയ്‌നിൽ നിന്ന് കമ്മിൻസ് ചുമതലയേറ്റെടുത്തതോടെ മുന്‍ നായകനായിരുന്ന സ്‌മിത്തിനെ വൈസ് ക്യാപ്റ്റനാക്കുകയായിരുന്നു. കമ്മിന്‍സിന്‍റെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷം രണ്ട് ടെസ്റ്റുകളില്‍ സ്‌മിത്ത് ഓസീസിനെ നയിച്ചിട്ടുണ്ട്.
ഓസീസിന് ഇനി അഭിമാനപ്പോരാട്ടം : നാല് മത്സര പരമ്പരയിലെ കളിച്ച രണ്ട് ടെസ്റ്റുകളും വിജയിച്ചതോടെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനും ഓസീസിനെ കീഴടക്കിയ സംഘം ഡല്‍ഹിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ജയം പിടിച്ചത്.
ALSO READ: 'ആരും ഓര്‍ക്കില്ല' ; കോലിക്ക് മറുപടിയുമായി മോണ്ടി പനേസര്‍
ഇതോടെ ബാക്കിയുള്ള മത്സരങ്ങളില്‍ വിജയം നേടി ഒപ്പമെത്താനാവും ഓസീസിന്‍റെ ശ്രമം. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരാണെങ്കിലും 2014ലാണ് ഓസീസ് ഇന്ത്യയ്‌ക്കെതിരെ അവസാനമായി ടെസ്റ്റ് പരമ്പര വിജയിച്ചത്. ഇന്‍ഡോര്‍ ടെസ്റ്റിന് ശേഷം മാർച്ച് ഒമ്പതിന് അഹമ്മദാബാദിലാണ് പരമ്പരയിലെ അവസാന മത്സരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യയ്‌ക്ക് പരമ്പരയുടെ ഫലം ഏറെ നിര്‍ണായകമാണ്.