മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോഴും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. നാഗ്‌പൂരില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേടിയ സെഞ്ച്വറി മാത്രമാണ് ഇതിനൊരു അപവാദമായി നില്‍ക്കുന്നത്. പരമ്പരയിൽ ഇതുവരെ മറ്റൊരു ഇന്ത്യന്‍ താരത്തിനും മൂന്നക്കം തൊടാന്‍ കഴിഞ്ഞിട്ടില്ല.
നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണെങ്കിലും ഇതില്‍ സുപ്രധാന പങ്കുവഹിച്ചത് ഇന്ത്യന്‍ സ്‌പിന്നര്‍മാരാണ്. ഇപ്പോഴിതാ ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയ്‌ക്ക് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ രഞ്ജി ട്രോഫിയില്‍ കുറച്ച് മത്സരങ്ങള്‍ കളിക്കണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.
ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, ഓസ്‌ട്രേലിയയെ നേരിടുന്നതിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ രഞ്ജി ട്രോഫിയില്‍ കളിക്കേണ്ടിയിരുന്നോ എന്ന ചോദ്യത്തോടാണ് ഗംഭീറിന്‍റെ പ്രതികരണം. "നൂറല്ല, ഇരുന്നൂറ് ശതമാനം അതെ എന്ന് തന്നെയാണ് എന്‍റെ ഉത്തരം. തീര്‍ച്ചയായും അവര്‍ രഞ്ജി ട്രോഫിയില്‍ കുറച്ച് മത്സരങ്ങള്‍ കളിക്കണമായിരുന്നു.
20 ദിവസത്തെ ക്യാമ്പുകൾ നടത്തിയാലും, നെറ്റ്സിലുള്ള പരിശീലനങ്ങളേക്കാളും അത് ഏറെ ഗുണം ചെയ്യുമായിരുന്നു. പരിശീലന മത്സരങ്ങള്‍ ഒഴിവാക്കിയതോടെയാണ് ആദ്യ രണ്ട് മത്സരങ്ങളിലും ഓസ്ട്രേലിയ പ്രയാസപ്പെട്ടത്.
ഇതൊരു നെഗറ്റീവ് മൈന്‍ഡ് സെറ്റാണ്. ഇന്ത്യൻ ബാറ്റർമാരുടെ കാര്യവും അങ്ങനെ തന്നെ. ഒരു സുപ്രധാന പരമ്പരയ്ക്ക് മുമ്പ് റെഡ്-ബോൾ ക്രിക്കറ്റ് കളിക്കുന്നത് വളരെ പ്രധാനമാണ്", ഗൗതം ഗംഭീര്‍ പറഞ്ഞു.
പ്രതിരോധിക്കാനുള്ള കഴിവ് കുറഞ്ഞു: കളിച്ചത് മോശം പിച്ചിലാണോ, അതോ സ്‌പിന്നര്‍മാര്‍ക്കെതിരായ ഇന്ത്യന്‍ ബാറ്റര്‍മാരുടെ മിടുക്കില്‍ കുറവ് വന്നോയെന്ന ചോദ്യത്തോടും ഗൗതം ഗംഭീര്‍ പ്രതികരിച്ചു. സ്‌പിന്നര്‍മാരെ പ്രതിരോധിക്കാനുള്ള ഇന്ത്യന്‍ ബാറ്റര്‍മാരുടെ കഴിവില്‍ കുറവ് വന്നുവെന്നാണ് ഗംഭീര്‍ പറഞ്ഞത്. ബാറ്റര്‍മാര്‍ കൂടുതല്‍ സിക്‌സുകളടിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രതിരോധിച്ച് കളിക്കുന്നതിനുള്ള കഴിവില്‍ കുറവ് വന്നതെന്നാണ് താരം പറഞ്ഞത്.
നാലാം അങ്കം നാളെ: അഹമ്മദാബാദില്‍ നാളെയാണ് പരമ്പരയിലെ അവസാന ടെസ്റ്റ് ആരംഭിക്കുന്നത്. പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ഒപ്പമെത്താനാവും ഓസീസിന്‍റെ ശ്രമം. സ്‌പിന്നര്‍മാരാണ് കഴിഞ്ഞ മൂന്ന് മത്സരങ്ങളുടെയും വിധി നിര്‍ണയിച്ചത്.
അഹമ്മദാബാദിൽ കാര്യങ്ങൾ അൽപ്പം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രോഹിത് ശര്‍മയ്‌ക്ക് കീഴിലിറങ്ങുന്ന ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. പേസര്‍ മുഹമ്മദ് ഷമി ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചേക്കും.
ആദ്യ രണ്ട് ടെസ്റ്റുകളിലിറങ്ങിയ മുഹമ്മദ് ഷമി ഇന്ത്യ തോല്‍വി വഴങ്ങിയ ഇന്‍ഡോര്‍ ടെസ്റ്റില്‍ കളിച്ചിരുന്നില്ല. പകരം ഉമേഷ് യാദവായിരുന്നു പ്ലേയിങ് ഇലവനിലെത്തിയത്. അഹമ്മദാബാദില്‍ ഉമേഷിനെ നിലനിര്‍ത്താനാണ് സാധ്യത.
വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന് പകരം ഇഷാന്‍ കിഷനെ കളിപ്പിച്ചേക്കുമെന്ന് സംസാരമുണ്ടെങ്കിലും, ഭരത്തിനെ പിന്തുണച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് രംഗത്തെത്തിയിരുന്നു. ഭരതിന്‍റെ ബാറ്റിങ്ങില്‍ ആശങ്കയില്ലെന്നായിരുന്നു രാഹുല്‍ ദ്രാവിഡ് പറഞ്ഞത്.
മറുവശത്ത് സ്‌റ്റീവ് സ്‌മിത്തിന് കീഴിലിറങ്ങുന്ന ഓസീസിന്‍റെ പ്ലേയിങ് ഇലവനില്‍ മാറ്റത്തിന് സാധ്യതയില്ല. രണ്ടാം ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയ പാറ്റ് കമ്മിന്‍സിന്‍റെ അഭാവത്തിലാണ് വൈസ് ക്യാപ്റ്റനായ സ്‌മിത്ത് ടീമിന്‍റെ ചുമതലയേറ്റെടുത്തത്.