നാഗ്‌പൂര്‍: ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ പരാജയമാണ് ഓസീസ് ഏറ്റുവാങ്ങിയത്. നാഗ്‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍റെ മൂന്നാം ദിനം ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഓസീസ് തോല്‍വി സമ്മതിച്ചത്. മത്സരത്തിന് ശേഷം നാഗ്‌പൂരിലെ പിച്ചില്‍ ഓസീസ് ടീം പരിശീലനത്തിന് പദ്ധതിയിട്ടിരുന്നു.
എന്നാല്‍ ഗ്രൗണ്ട് സ്റ്റാഫ് പിച്ച് നനച്ചതോടെ സംഘത്തിന്‍റെ പദ്ധതി പാളിയെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സംഭവത്തില്‍ ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുകയാണ് ഓസീസ് മുന്‍ താരം ഇയാൻ ഹീലി. ഇന്ത്യയുടെ പ്രവൃത്തി ദയനീയമാണെന്നും ഇത് ക്രിക്കറ്റിന് നല്ലതല്ലെന്നുമാണ് ഹീലി പ്രതികരിച്ചിരിക്കുന്നത്.
ഭയാനകമായ പ്രവൃത്തി: സംഭവത്തില്‍ ഐസിസി ഇടപടെലുണ്ടാവണമെന്നും താരം ആവശ്യപ്പെട്ടു. "നാഗ്പൂരിലെ വിക്കറ്റിൽ കുറച്ച് പരിശീലന സെഷനുകൾ നേടാനുള്ള ഞങ്ങളുടെ പദ്ധതികൾ തകർക്കുന്നത് ശരിക്കും ലജ്ജാകരമാണ്. ഇതൊരിക്കലും ക്രിക്കറ്റിന് നല്ലതല്ല.
വിഷയത്തില്‍ ഐസിസി ഇടപെടലുണ്ടാവേണ്ടതുണ്ട്. പരിശീനത്തിനായി അഭ്യർഥിച്ചപ്പോള്‍ അവര്‍ പിച്ച് നനച്ചത് ഭയാനകമായ പ്രവൃത്തിയാണ്. ഇത്തരം കാര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ട്" - ഇയാൻ ഹീലി പറഞ്ഞു.
പരമ്പര ആരംഭിക്കുന്നതിന് മുന്നേ തന്നെ നാഗ്പൂർ പിച്ചിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പിച്ചില്‍ ഇന്ത്യ കൃത്രിമം നടത്തിയെന്നാരോപിച്ച് ചില ഓസീസ് മാധ്യമങ്ങളും മുന്‍ താരങ്ങളുമായിരുന്നു രംഗത്തെത്തിയത്. എന്നാല്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക് നീങ്ങിയപ്പോള്‍ രണ്ട് ഇന്നിങ്‌സുകളിലും ഓസീസിന് ഇതിന്‍റെ അടുത്തെത്താന്‍ കഴിയാതിരുന്നതാണ് തിരിച്ചടിയായത്.
മത്സരം അവസാനിച്ചതിന് ശേഷവും പിച്ചുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല എന്നാണ് ഹീലിയുടെ പ്രതികരണം സൂചിപ്പിക്കുന്നത്. നാഗ്‌പൂരില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നേടിയ 177 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ 400 റണ്‍സെടുത്തിരുന്നു. ഇതോടെ 223 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ സന്ദര്‍ശകര്‍ 91 റണ്‍സില്‍ പുറത്താവുകയായിരുന്നു. ഇന്ത്യയില്‍ ഓസീസിന്‍റെ ഏറ്റവും ചെറിയ സ്‌കോറാണിത്.
ഡല്‍ഹിയില്‍ വമ്പന്‍ അഴിച്ചുപണി: ഫെബ്രുവരി 17 മുതലാണ് ഡൽഹിയില്‍ രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ഡല്‍ഹിയില്‍ പ്ലേയിങ് ഇലവനില്‍ കാര്യമായ അഴിച്ചുപണിയോടെയാവും ഓസീസ് ഇറങ്ങുക. നാഗ്‌പൂരില്‍ മോശം പ്രകടനം നടത്തിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ടീം പുറത്തിരുത്തുമെന്നാണ് റിപ്പോര്‍ട്ടുള്ളത്.
സ്‌പിന്‍ ഓള്‍ റൗണ്ടര്‍ ട്രാവിസ് ഹെഡാകും വാര്‍ണര്‍ക്ക് പകരമെത്തുക. പരിക്കിനെ തുടര്‍ന്ന് നാഗ്‌പൂരില്‍ ഇറങ്ങാതിരുന്ന പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവരും പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ മത്സരത്തിലെ തോല്‍വിയിലെ ക്ഷീണം തീര്‍ത്ത് പരമ്പരയില്‍ ഒപ്പമെത്താനാവും ഡല്‍ഹിയില്‍ ഓസീസ് ലക്ഷ്യം വയ്‌ക്കുന്നത്.
മൂന്നാം മത്സരം ഇന്‍ഡോറില്‍: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന്‍റ വേദി മാറ്റിയതായി ബിസിസിഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന ധർമ്മശാലയിൽ നിന്ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലേക്കാണ് മത്സരം മാറ്റിയത്. ഔട്ട്‌ഫീൽഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വേദി മാറ്റമെന്ന് ബിസിസിഐ അറിയിച്ചു.
ബിസിസിഐ ക്യൂറേറ്റർ തപോഷ് ചാറ്റർജി നടത്തിയ പരിശോധനയില്‍ ഔട്ട്ഫീൽഡ് ഒരു അന്താരാഷ്ട്ര മത്സരത്തിന് അനുയോജ്യമല്ലെന്ന് വിലയിരുത്തിയിരുന്നു. മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെയാണ് ഇൻഡോറില്‍ മൂന്നാം ടെസ്റ്റ് നടക്കുക. തുടര്‍ന്ന് മാര്‍ച്ച് ഒമ്പതിനാണ് നാല് മത്സര പരമ്പരയിലെ അവസാന മത്സരം.