കൊല്‍ക്കത്ത: വളർന്നുവരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് ഇംഗ്ലീഷ് പരിശീലനം നല്‍കാനൊരുങ്ങി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍. ബ്രിട്ടീഷ് കൗൺസിലുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിശീലനം കളിക്കളത്തിനകത്തും പുറത്തും കളിക്കാര്‍ക്ക് ഗുണകരമാവുമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് അവിഷേക് ഡാല്‍മിയ പറഞ്ഞു.
തങ്ങളുടെ കളിക്കാരെ കൂടുതൽ ആത്മവിശ്വാസത്തോടെയും അവബോധത്തോടെയും നിലനിര്‍ത്തുന്നതിനാണ് ഇംഗ്ലീഷിലുള്ള പരിശീലനം നല്‍കുന്നത്. ഇതുവഴി ലോകമെമ്പാടും വർദ്ധിച്ചുവരുന്ന ലീഗുകളില്‍ ഇന്ത്യൻ യുവ ക്രിക്കറ്റര്‍മാര്‍ക്ക് അന്താരാഷ്ട്ര കളിക്കാരുമായും പരിശീലകരുമായും ആത്മവിശ്വാസത്തോടെ സംസാരിക്കാനാവുമെന്നും ഡാല്‍മിയ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലീഷിൽ വ്യത്യസ്ത പ്രാവീണ്യം നേടുന്നതിന് രണ്ട് തരം പരിശീലന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വ്യത്യസ്‌ത സാഹചര്യങ്ങളില്‍ ആത്മവിശ്വാസത്തോടെ സംസാരിക്കാനും, ആനുകാലിക സംഭാഷണങ്ങളും പ്രസംഗങ്ങളും മെച്ചപ്പെടുത്താനും സഹായിക്കുന്ന രീതിയിലാണിത്. വാക്കുകളുടെ ഉച്ചാരണം, വാക്യ നിർമ്മാണം, ഗ്രാമര്‍, സംസാരത്തിലെ ഒഴുക്ക് തുടങ്ങിയ കേന്ദ്രീകരിച്ചാണ് ക്ലാസുകള്‍ സംഘടിപ്പിക്കുക.
പദ്ധതി ബംഗാള്‍ ക്രിക്കറ്റ് താരങ്ങളുടെ ജീവിതം മാറ്റിമറിക്കുന്നതാണെന്ന് കൊൽക്കത്തയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ നിക്ക് ലോ പറഞ്ഞു. കളിക്കാരുടെ ഷെഡ്യൂളിനെ അടിസ്ഥാനമാക്കി പരിശീലന പരിപാടി ആരംഭിക്കുന്ന തീയതിയും സമയവും തീരുമാനിക്കും.